രാമേശ്വരം കഫേ സ്ഫോടനം: പ്രതിയുടെ പുതിയ ചിത്രം പുറത്തുവിട്ട് എൻഐഎ
Mail This Article
ബെംഗളുരു∙ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് ദേശീയ അന്വേഷണ ഏജൻസി കഫേയിൽ ബോംബ് വച്ച പ്രതിയെ തിരിച്ചറിയുന്നതിന് പൊതുജനങ്ങളുടെ സഹായം തേടിയ ഏജൻസി പ്രതിയെ തിരിച്ചറിയാൻ സഹായിക്കുന്ന നിർണായകമായ വിവരങ്ങൾ കൈമാറുന്നവർക്ക് പത്തുലക്ഷം രൂപ സമ്മാനവും വാഗ്ദാനം ചെയ്തിട്ടുണ്ട്.
പ്രധാനപ്രതിയെന്ന് സംശയിക്കുന്ന ആൾ സ്ഫോടനം നടന്ന് ഒരു മണിക്കൂറിന് ശേഷം ബസിൽ കയറി പോകുന്ന ദൃശ്യം സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നത് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു. അതേ ദിവസം രാത്രി ഒമ്പതുമണിയോടെ സംശയാസ്പദമായ സാഹചര്യത്തിൽ ഒരാൾ ബസ്സ്റ്റാൻഡിൽ ചുറ്റിത്തിരിയുന്ന സിസിടിവി ദൃശ്യവും അന്വേഷണ ഏജൻസിക്ക് ലഭിച്ചിട്ടുണ്ട്. ഈ ചിത്രമാണ് ഏജൻസി പുറത്തുവിട്ടിരിക്കുന്നത്.
എൻഐഎയ്ക്കൊപ്പം ബെംഗളുരു ക്രൈംബ്രാഞ്ചും അന്വേഷണത്തിൽ സഹകരിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് ബല്ലാരി ജില്ലയിലുള്ള ഒരു തുണി വ്യാപാരിയെയും പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെയും അറസ്റ്റുചെയ്തിരുന്നു. സംഭവത്തിന് ശേഷം പ്രതി വേഷം മാറി ബല്ലാരി, തുമകുരു, ബിദർ, ഭട്കൽ തുടങ്ങി വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ചതായാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ഇയാൾ വേഷം മാറി സഞ്ചരിക്കുന്നതായാണ് ഉദ്യോഗസ്ഥർ സംശയിക്കുന്നത്.
സ്ഫോടനം നടന്ന രാമേശ്വരം കഫേ ശനിയാഴ്ച മുതൽ വീണ്ടും പ്രവർത്തനമാരംഭിച്ചു. കഫേയുടെ പ്രവേശന കവാടത്തിൽ മെറ്റൽ ഡിറ്റക്ടർ സ്ഥാപിച്ചിട്ടുണ്ട്. പരിശോധനയ്ക്ക് ശേഷമാണ് ഉപഭോക്താക്കളെ അകത്തേക്ക് കടത്തിവിടുന്നത്. കഫേയുടെ സുരക്ഷ ശക്തിപ്പെടുത്തിയതായി സിഇഒ രാഘവേന്ദ്ര റാവു അറിയിച്ചു.