ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് കമൽഹാസൻ; ഡിഎംകെ സഖ്യത്തിനായി പ്രചാരണം നടത്തും, പകരം രാജ്യസഭാ സീറ്റ്
Mail This Article
ചെന്നൈ∙ ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന പ്രഖ്യാപനവുമായി നടൻ കമൽഹാസൻ. ചെന്നൈയിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ്, മത്സരിക്കാനില്ലെന്ന് കമൽഹാസൻ വ്യക്തമാക്കിയത്. അതേസമയം, ഡിഎംകെ സഖ്യത്തിന്റെ താരപ്രചാരകനായി ഇത്തവണ കമൽഹാസൻ രംഗത്തുണ്ടാകും. പകരം അടുത്ത വർഷം ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് കമൽഹാസനു നൽകാമെന്നാണ് ധാരണ.
‘‘ഞാനും എന്റെ പാർട്ടിയും ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. എന്നാൽ സഖ്യത്തിനു വേണ്ട എല്ലാ പിന്തുണയും നൽകും. ഞങ്ങൾ കൈകോർത്തത് ഏതെങ്കിലും പദവിക്കു വേണ്ടിയല്ല, രാജ്യത്തിനു വേണ്ടിയാണ്.’’ – കമൽഹാസൻ പറഞ്ഞു.
കമൽഹാസന്റെ നേതൃത്വത്തിലുള്ള മക്കൾ നീതി മയ്യം ഡിഎംകെ സഖ്യത്തിൽ ഔദ്യോഗികമായി ചേരുന്നതിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച. ബിജെപിയെ പരാജയപ്പെടുത്തുക എന്ന പൊതുലക്ഷ്യത്തോടെയാണ് ഡിഎംകെ നയിക്കുന്ന മുന്നണി ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇതിന്റെ ഭാഗമായി നടന്ന സീറ്റുവിഭജന ചർച്ചയിൽ കമൽഹാസന്റെ എംഎൻഎമ്മിന് 2025ൽ രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ആദ്യമായാണ് ഡിഎംകെയുമായി എംഎൻഎം സഖ്യത്തിലേർപ്പെടുന്നത്.
രാഷ്ട്രീയ സഖ്യത്തിനായുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്ന് കമൽഹാസൻ നേരത്തെ സൂചിപ്പിച്ചിരുന്നു. രാജ്യത്തിന്റെ നന്മയ്ക്ക് മുൻഗണന നൽകുന്ന ഏതു ഗ്രൂപ്പിനെയും എംഎൻഎം പിന്തുണയ്ക്കുമെന്നും കമൽ വ്യക്തമാക്കിയിരുന്നു.