കര്‍ഷക സമരം, അഗ്‌നിവീർ, ഗുസ്തി താരങ്ങളുടെ പ്രതിഷേധം...; പാർട്ടി വിട്ടതിനെപ്പറ്റി ബിജെപി എംപി
Mail This Article
ന്യൂഡൽഹി∙ ആഴ്ചകൾക്കപ്പുറം പൊതുതിരഞ്ഞെടുപ്പ് വരാനിരിക്കെയാണ് ഹരിയാനയിലെ ഹിസാറിൽനിന്നുള്ള എംപി ബ്രിജേന്ദ്ര സിങ് ബിജെപി വിട്ട് കോൺഗ്രസിൽ എത്തിയത്. ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ എത്തിയാണ് ബ്രിജേന്ദ്ര സിങ് പാർട്ടി അംഗത്വം സ്വീകരിച്ചത്. രാഷ്ട്രീയപരമായും ആശയപരമായും വിയോജിപ്പ് ഉള്ളതിനാലാണ് ബിജെപി വിട്ടതെന്ന് അദ്ദേഹം പറഞ്ഞു. മുതിർന്ന കോണ്‍ഗ്രസ് നേതാക്കളായ അജയ് മാക്കൻ, മുകുൾ വാസ്നിക്, ദീപക് ബബാരിയ എന്നിവരുടെ സാന്നിധ്യത്തിലാണ് ബ്രിജേന്ദ്ര സിങ് കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. ഹിസാറിൽനിന്ന് കോൺഗ്രസ് സ്ഥാനാർഥിയാക്കിയേക്കുമെന്നാണു സൂചന.
‘‘കോൺഗ്രസ് കുടുംബത്തോടൊപ്പം ചേരാനായതിൽ വലിയ സന്തോഷമുണ്ട്. രാഷ്ട്രീയപരമായും ആശയപരമായും വിയോജിപ്പ് ഉള്ളതിനാലാണ് ബിജെപി വിട്ടത്. കർഷകരുടെ പ്രശ്നങ്ങൾ, അഗ്‌നിവീർ പദ്ധതി, ഗുസ്തി താരങ്ങളുടെ പ്രതിഷേധം എന്നിവയിലുൾപ്പെടെ നിരവധി വിഷയങ്ങളിൽ ബിജെപി സ്വീകരിച്ച നിലപാടിനോട് വിയോജിപ്പുണ്ട്. ഹിസാറിൽനിന്നുള്ള എംപിയാകാൻ അവസരം നൽകിയ ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ, പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ എന്നിവരോട് നന്ദി അറിയിക്കുന്നു. എന്നെ തിരഞ്ഞെടുത്ത് പാർലമെന്റിലേക്ക് അയച്ച ഹിസാർ നിവാസികളോടും നന്ദിയുണ്ട്. ജനസേവനത്തിനായി ഐഎഎസ് പദവി ഉപേക്ഷിച്ച് രാഷ്ട്രീയത്തിലെത്തിയ ഞാൻ സേവനം തുടര്‍ന്നുകൊണ്ടിരിക്കും’’ –കോൺഗ്രസ് അംഗത്വം സ്വീകരിച്ച ശേഷം ബ്രിജേന്ദ്ര സിങ് പറഞ്ഞു.
പ്രമുഖ ബിജെപി നേതാവ് ബിരേന്ദർ സിങ്ങിന്റെ മകനും ജാട്ട് നേതാവ് ഛോട്ടു റാമിന്റെ കൊച്ചുമകനുമാണ് ബ്രിജേന്ദ്ര സിങ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാല, കോൺഗ്രസിന്റെ ഭവ്യ ബിഷ്ണോയ് എന്നിവരെ പരാജയപ്പെടുത്തിയാണ് ബ്രിജേന്ദ്ര സിങ് പാർലമെന്റിൽ എത്തിയത്. ബ്രിജേന്ദ്ര സിങ്ങ് മറുകണ്ടം ചാടിയതോടെ ബിജെപിക്കുള്ളിൽ അസ്വാരസ്യം ഉയരുന്നതായും അഭ്യൂഹമുണ്ട്.