മോദിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞാൽ ഭർത്താവിന് അത്താഴം കൊടുക്കരുത്: വീട്ടമ്മമാരോട് വോട്ടഭ്യർഥിച്ച് കേജ്‌രിവാൾ
Mail This Article
ന്യൂഡൽഹി∙ ഡൽഹിയിലെ വനിതാ വോട്ടർമാരോട് ആം ആദ്മി പാർട്ടിക്ക് വോട്ട് ചെയ്യാൻ അഭ്യർഥിച്ച് ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജ്‌രിവാൾ. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ അല്ല എഎപിയെ ആണ് പിന്തുണയ്ക്കേണ്ടതെന്ന് വീട്ടിലെ പുരുഷന്മാരോട് പറയേണ്ട ഉത്തരവാദിത്വം സ്ത്രീകളുടേതാണെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി ടൗൺഹാളിൽ ‘മഹിളാ സമ്മാൻ സമാരോഹ്’ സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിനെട്ടിന് മുകളിൽ പ്രായമുള്ള എല്ലാ സ്ത്രീകൾക്കും മുഖ്യമന്ത്രി മഹിള സമ്മാൻ യോജന പ്രകാരം ആയിരം രൂപ വീതം നൽകുമെന്ന് ഡൽഹി സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.
Read More: ‘അവരൊന്നും പാർട്ടിയുടെ ആരുമല്ല’: ഷമയുടെ വിമർശനത്തിൽ മറുപടിയുമായി സുധാകരൻ
‘‘കുറേ പുരുഷന്മാർ മോദിയുടെ പേര് പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. അതുശരിയാക്കാൻ നിങ്ങൾക്കേ സാധിക്കൂ. നിങ്ങളുടെ ഭർത്താവ് മോദിക്കു വോട്ട് ചെയ്യുമെന്നു പറയുമ്പോൾ നിങ്ങൾ അദ്ദേഹത്തോട് അത്താഴം വിളമ്പില്ലെന്നു പറയണം’’ –കേജ്‌രിവാൾ പറഞ്ഞു. ഭാര്യമാർ പറയുന്നതു ഭർത്താക്കന്മാർ കേൾക്കുമെന്നും എഎപിയെ പിന്തുണയ്ക്കുമെന്ന് ഭർത്താക്കന്മാരെക്കൊണ്ടു പ്രതിജ്ഞ ചെയ്യിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Read More: തീർന്നില്ല കൂറുമാറ്റം; ബിജെപി വിട്ട് ഹരിയാനയിലെയും രാജസ്ഥാനിലെയും എംപിമാർ, കോൺഗ്രസിലേക്ക്
‘‘കേജ്‌രിവാളാണു നിങ്ങൾക്ക് വൈദ്യുതി സൗജന്യമാക്കിയത്, ബസ് ടിക്കറ്റ് സൗജന്യമാക്കിയത്, ഇപ്പോൾ 1000 രൂപ സ്ത്രീകൾക്കു നൽകുന്നു. എന്താണ് ബിജെപി സ്ത്രീകൾക്കു വേണ്ടി ചെയ്തത്. പിന്നെ എന്തിനു ബിജെപിക്ക് വോട്ടുചെയ്യണം?’’ – അദ്ദേഹം ചോദിച്ചു. സ്ത്രീ ശാക്തീകരണത്തിന്റെ പേരുപറഞ്ഞ് ബിജെപി തട്ടിപ്പുനടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്ത്രീകളെ പുകഴ്ത്തി അവർ ശാക്തീകരിക്കപ്പെടുന്നുവെന്നാണു ബിജെപി പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ സ്ത്രീകളുടെ പഴ്സിൽ പ്രതിമാസം ആയിരം രൂപ നിക്ഷേപിച്ചുകൊണ്ടാണു താൻ സ്ത്രീശാക്തീകരണം നടത്താൻ ഉദ്ദേശിക്കുന്നതെന്നും കാലി പഴ്സിലൂടെ ശാക്തീകരണം നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.