ബംഗാളിൽ 42 സീറ്റുകളിലും തൃണമൂൽ ഒറ്റയ്ക്ക്; മഹുവ കൃഷ്ണനഗറിൽ, സന്ദേശ്ഖലി മേഖലയിൽ മുൻ എംപി ഹാജി നൂറുൾ ഇസ്ലാം
Mail This Article
കൊൽക്കത്ത∙ ബംഗാളിൽ ഇന്ത്യാ മുന്നണിയുമായി സഹകരിക്കാതെ തനിച്ചു മത്സരിക്കുമെന്നു വ്യക്തമാക്കി സ്ഥാനാർഥികളെ പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ് (ടിഎംസി). ലോക്സഭാ തിരഞ്ഞെടുപ്പിനായി ആകെയുള്ള 42 സ്ഥാനാർഥികളുടെ പട്ടിക തൃണമൂൽ ഞായറാഴ്ച പുറത്തുവിട്ടു. മുൻ ക്രിക്കറ്റ് താരം യൂസഫ് പഠാൻ ബെർഹാംപോറിൽനിന്നും മഹുവ മൊയ്ത്ര കൃഷ്ണനഗറിൽനിന്നും മത്സരിക്കും. മുൻ ക്രിക്കറ്റ് താരമായ കിർത്തി ആസാദും തൃണമൂലിനുവേണ്ടി മത്സരരംഗത്തുണ്ട്. ബർദ്‌മാൻ – ദുർഗാപുർ മണ്ഡലത്തിൽനിന്നാണ് അദ്ദേഹം മത്സരിക്കുന്നത്.
കൊൽക്കത്തയിലെ ചരിത്രപ്രസിദ്ധമായ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന മെഗാ റാലിയിലാണ് സ്ഥാനാർഥികളുടെ പട്ടിക തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജി പുറത്തുവിട്ടത്. സിറ്റിങ് എംപിമാരിൽ ചിലരെ ഒഴിവാക്കിയാണ് പുതുമുഖങ്ങൾക്ക് അവസരം നൽകിയത്. 16 സിറ്റിങ് എംപിമാരെയാണ് പാർട്ടി നിലനിർത്തിയത്. 12 സ്ഥാനാർഥികൾ വനിതകളാണ്. സന്ദേശ്ഖലി ഉൾപ്പെടുന്ന ബസിർഹത് ലോക്സഭാ സീറ്റിൽനിന്ന് സിറ്റിങ് എംപിയായ നുസ്രത് ജഹാനെ തഴഞ്ഞ് മുൻ എംപി ഹാജി നൂറുൾ ഇസ്‌ലാമിനെയാണ് ടിഎംസി മത്സരിപ്പിക്കുന്നത്. തുടർച്ചയായ രണ്ടാം തവണയാണ് മഹുവ മൊയ്ത്ര കൃഷ്ണനഗറിൽ മത്സരിക്കുന്നത്.
പൗരത്വ ഭേദഗതി നിയമത്തെ അവർ വിമർശിച്ചു. അതു സിഎഎ അല്ല ബിഎഎ ആണെന്നാണ് അവരുടെ വിമർശനം. അവർ നിങ്ങളെ ബംഗ്ലദേശിലേക്ക് അയയ്ക്കുമെന്നും എൻആർസി അനുവദിക്കില്ലെന്നും മമത വ്യക്തമാക്കി.