മഹാരാഷ്ട്ര കോൺഗ്രസിനെ ചലിപ്പിച്ച് ചെന്നിത്തല: ‘അഘാഡിയുടെ നില ഭദ്രം, ന്യായ് യാത്ര പുതിയ ഉണർവുണ്ടാക്കും’
Mail This Article
മുംബൈ ∙ മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡിയുടെ നില ഭദ്രമാണെന്നും രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര മുംബൈയിൽ സമാപിക്കുമ്പോൾ സ്ഥിതി കോൺഗ്രസ് സഖ്യത്തിന് അനുകൂലമാകുമെന്നും സംസ്ഥാനത്തിന്റെ ചുമതലയുള്ള മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 17ന് ജോഡോ യാത്രയുടെ സമാപന സമ്മേളനവേദിയിൽ ഇന്ത്യ മുന്നണിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഔദ്യോഗിക തുടക്കമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Read More: മിന്നലായി മുരളി, മിന്നും വരവേൽപ്; റോഡ് ഷോയോടെ തുടക്കം
ചെന്നിത്തലയുടെ വരവോടെ മഹാരാഷ്ട്രയിൽ കോൺഗ്രസ് നേതാക്കളിലും പ്രവർത്തകരിലും ഉണർവ് പ്രകടമാണ്. നിർദേശങ്ങളുമായി ഒതുങ്ങിനിൽക്കാതെ ബൂത്ത്തല പാർട്ടി യോഗങ്ങളിൽപോലും പങ്കെടുക്കുന്ന ഹൈക്കമാൻഡ് പ്രതിനിധിയെന്ന നിലയിൽ സംസ്ഥാന നേതാക്കളെ കൂടുതൽ സജീവമാകാൻ പ്രേരിപ്പിക്കുകയാണ് അദ്ദേഹം. ഒപ്പം, ശരദ് പവാർ, ഉദ്ധവ് താക്കറെ എന്നിവരടക്കം മുന്നണിയിലെ എല്ലാ നേതാക്കളുമായി ചേർന്നുനിന്ന് മുന്നണിയെ മുന്നോട്ടു കൊണ്ടുപോകുന്നതിലും വിജയം.
വിദർഭ, മറാഠ്‌വാഡ, പശ്ചിമ മഹാരാഷ്ട്ര, ഉത്തര മഹാരാഷ്ട്ര, കൊങ്കൺ, മുംബൈ–താനെ എന്നിങ്ങനെ സംസ്ഥാനത്തെ ആറു മേഖലകളിലും പര്യടനം പൂർത്തിയാക്കിയ ചെന്നിത്തല 288 നിയമസഭാ മണ്ഡലങ്ങളിലും നിരീക്ഷകരെ നിയോഗിച്ചതായും അറിയിച്ചു. മുംബൈയിലെ പാർട്ടിയുടെയും മുന്നണിയുടെയും ലോക്സഭാ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളെ കുറിച്ച് രമേശ് ചെന്നിത്തല സംസാരിക്കുന്നു.
മഹാ വികാസ് അഘാഡിയിലെ സീറ്റ് വിഭജനം എന്തായി ?
അന്തിമഘട്ടത്തിലാണ്. പ്രകാശ് അംബേദ്കറുമായുള്ള ചർച്ച പുരോഗമിക്കുകയാണ്. 17ന് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനത്തിനു പിന്നാലെ അന്തിമ പ്രഖ്യാപനമുണ്ടാകും. 18–20 സീറ്റുകൾ വീതം കോൺഗ്രസിനും ഉദ്ധവ് പക്ഷത്തിനും, ശരദ് പവാർ വിഭാഗത്തിന് 9 സീറ്റുകളുമെന്ന മട്ടിലാണ് നിലവിലെ ചർച്ചകൾ. അന്തിമ പട്ടികയിൽ ചെറിയ മാറ്റങ്ങളുണ്ടായേക്കാം.
മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡിയുടെ പ്രതീക്ഷകളെക്കുറിച്ച്?
കോൺഗ്രസും ഉദ്ധവ് പക്ഷവും ശരദ് പവാർ നേതൃത്വം നൽകുന്ന എൻസിപിയും ഒരേ മനസ്സോടെയാണ് പ്രവർത്തിക്കുന്നത്. കാര്യമായ തർക്കങ്ങളില്ല. മൂന്നു പാർട്ടികളും ചേർന്ന് 30 സീറ്റുകൾ നേടുമെന്നാണ് വിശ്വാസം.
രാജു ഷെട്ടിയുടെ കർഷക പാർട്ടി ഒപ്പമുണ്ട്. പ്രകാശ് അംബേദ്കറെ മുന്നണിയിലെത്തിക്കാൻ എല്ലാ വിധത്തിലും ശ്രമിക്കുന്നു. അദ്ദേഹത്തിന്റെ ആവശ്യങ്ങളോട് പരമാവധി വിട്ടുവീഴ്ച ചെയ്യുന്ന സമീപനമാണ് മുന്നണി സ്വീകരിച്ചത്. മറുവശത്ത് സഖ്യകക്ഷികളായ ഷിൻഡെ, അജിത് പക്ഷങ്ങളെ ഒതുക്കാനുള്ള ബിജെപിയുടെ ശ്രമം ആ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിച്ചേക്കും. അവിടെ പൊട്ടിത്തെറികൾ തുടങ്ങിയിട്ടുണ്ട്.
Read More: ‘സർപ്രൈസി’നു ശേഷം കോൺഗ്രസ് കളത്തിൽ
ശരദ് പവാർ കോൺഗ്രസിൽ ലയിക്കാനുള്ള സാധ്യത?
നിലവിൽ അതേക്കുറിച്ച് ചർച്ചകളില്ല. തിരഞ്ഞെടുപ്പ് തിരക്കിലാണ് എല്ലാവരും.
മുന്നണിയുടെ തിരഞ്ഞെടുപ്പ് ആസൂത്രണത്തെക്കുറിച്ച്?
സംസ്ഥാനത്തുടനീളം കൈകോർത്ത് നീങ്ങുമ്പോഴും വിദർഭ മേഖലയിൽ കോൺഗ്രസും, മുംബൈ–കൊങ്കൺ മേഖലയിൽ ഉദ്ധവ് പക്ഷവും, പശ്ചിമ മഹാരാഷ്ട്രയിൽ ശരദ് പവാർ പക്ഷവും കൂടുതൽ ശ്രദ്ധ കൊടുക്കുന്ന വിധമായിരിക്കും പ്രവർത്തനം.
ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന സമ്മേളനത്തെക്കുറിച്ച്?
യാത്ര 12ന് ഗുജറാത്തിൽ നിന്ന് മഹാരാഷ്ട്രയിൽ പ്രവേശിക്കും. 17ന് ദാദർ ശിവാജി പാർക്കിലെ സമാപന സമ്മേളനത്തിൽ ഇന്ത്യ മുന്നണിയിലെ എല്ലാ നേതാക്കളുമെത്തും. മുന്നണി കൂടുതൽ കെട്ടുറപ്പുള്ളതായിട്ടുണ്ട്. ദേശീയ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്കുള്ള കാഹളമായിരിക്കും ശിവാജി പാർക്കിൽ മുഴങ്ങുക