‘രാഹുൽ നടക്കുന്നതല്ലാതെ ഒന്നും പറഞ്ഞില്ല; മലയാളി മണ്ണ് വാരിത്തിന്നാലും ബിജെപിക്ക് വോട്ട് ചെയ്യില്ല’
Mail This Article
കൊല്ലം ∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാര്‍. ജനങ്ങൾ മുഴുവൻ കോൺഗ്രസിന് വോട്ടു ചെയ്തത് രാഹുൽ ഗാന്ധിയെ കണ്ടിട്ടാണ്. രാഹുൽ ഗാന്ധി തെക്കുനിന്നു വടക്കോട്ടും കിഴക്കുനിന്നു പടിഞ്ഞാറോട്ടും നടക്കുന്നതല്ലാതെ, എക്സൈസ് ചെയ്യലും കടലിൽ ചാടുന്നതും തമിഴ്നാട്ടിൽ പോയി ബിരിയാണി വയ്ക്കലും അല്ലാതെ, പാർലമെന്റിൽ പോയി ഇതുവരെ വയനാടിനു വേണ്ടിയും കേരളത്തിനു വേണ്ടിയും ഒന്നും പറഞ്ഞിട്ടില്ല. കൊട്ടാരക്കരയില്‍ കേരള കോണ്‍ഗ്രസ് (ബി) നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു ഗണേഷ് കുമാര്‍.
‘‘ബിജെപിയുടെ വിചാരം പട്ടിണിക്കിട്ടാൽ, ഞെരിച്ച് അമർത്തിയാൽ വോട്ടു ചെയ്യുമെന്നാണ്. അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി. മലയാളി മണ്ണ് വാരിത്തിന്നാലും ബിജെപിക്ക് വോട്ടു ചെയ്യില്ല. വിരട്ടുന്നവന് വോട്ടു ചെയ്യില്ല, അതാണ് മലയാളി. പേടിപ്പിച്ച് മലയാളികളുടെ വോട്ട് പിടിക്കാമെന്ന് ആരും കരുതേണ്ട. പണത്തിന്റെ കൊഴുപ്പാണ് ബിജെപിക്ക്. തിരുവനന്തപുരത്ത് മത്സരിക്കുന്ന ബിജെപി സ്ഥാനാർഥി മുതലാളിയാണ്.
സ്വർണത്തളിക ഉള്ളയാളാണ് തൃശൂരിൽ മത്സരിക്കുന്നത്. കോടിക്കണക്കിനു രൂപ മുടക്കി ജനാധിപത്യ സർക്കാരുകളെ അട്ടിമറിക്കാൻ ബിജെപി കുതിരക്കച്ചവടം നടത്തുമ്പോൾ അതു വാങ്ങി നക്കിക്കൊണ്ട് പോകുന്ന കോൺഗ്രസുകാരനെ ഈ തിരഞ്ഞെടുപ്പിൽ മാറ്റി നിർത്തണം. ബിജെപിക്കെതിരെ ഇന്ത്യയിൽ പോരാടൻ കരുത്തുള്ളത് ഇടതുപക്ഷത്തിന് മാത്രമാണ്.’’– ഗണേഷ് പറഞ്ഞു.
‘‘പത്മജ വേണുഗോപാലിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞത് തെമ്മാടിത്തരമാണ്. ലീഡറെ കാണാൻ മുണ്ടിന്‍റെ അടിയിൽ പഴം തിരുകി കൊണ്ടു പോകുന്നവരാണ് കോൺഗ്രസുകാർ. ഇപ്പോഴത്തെ കോണ്‍ഗ്രസ് സ്ഥാനാർഥിയും ഇക്കൂട്ടത്തിലുണ്ട്. മരിച്ചു പോയവരെ പോലും വെറുതെ വിടാത്തവരാണ് കോൺഗ്രസുകാർ. രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പരാമര്‍ശത്തെ കോണ്‍ഗ്രസുകാരില്‍ രമേശ് ചെന്നിത്തല മാത്രമാണ് എതിര്‍ത്തത്’’– ഗണേഷ് ചൂണ്ടിക്കാട്ടി. കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാർഥി എം.മുകേഷ്, മാവേലിക്കരയിലെ സ്ഥാനാർഥി സി.എ.അരുണ്‍കുമാര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.