ADVERTISEMENT

തിരുവനന്തപുരം ∙ ലീഡർ കെ.കരുണാകരന്റെ സന്തത സഹചാരിയും ഡിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന തമ്പാനൂർ സതീഷ് കോൺഗ്രസ് വിടാന്‍ ഒരുങ്ങുന്നു. പാർട്ടിയിൽ നേരിടുന്ന അവഗണനയാണ് തീരുമാനത്തിനു പിന്നിലെന്നും മറ്റേതെങ്കിലും പാർട്ടിയിൽ ചേരാനില്ലെന്നും സതീഷ് വ്യക്തമാക്കി. കെപിസിസി പ്രസിഡന്റ് കെ.സുധാകരനു നേരെ ഗുരുതര ആരോപണങ്ങളും ഉന്നയിച്ചു. പാർട്ടി ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേടുകളുണ്ടെന്നും പാർട്ടി പരിപാടികളുടെ നടത്തിപ്പിൽ കെടുകാര്യസ്ഥതയാണെന്നും സതീഷ് ആരോപിച്ചു.

Read Also: ‘രാഹുൽ നടക്കുന്നതല്ലാതെ ഒന്നും പറഞ്ഞില്ല; മലയാളി മണ്ണ് വാരിത്തിന്നാലും ബിജെപിക്ക് വോട്ട് ചെയ്യില്ല’

‘‘പാർട്ടിയിൽ പുനഃസംഘടന നടന്നപ്പോഴൊക്കെ ഞാൻ തഴയപ്പെട്ടെങ്കിലും, പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന ഒരു പ്രവൃത്തിയും ഉണ്ടായിട്ടില്ല. പുതിയ 78 സെക്രട്ടറിമാരുടെ ലിസ്റ്റിലും എന്റെ പേരില്ലാത്തതിൽ അഭിപ്രായ വ്യത്യാസമുണ്ട്. അത്രയും യോഗ്യതയില്ലാത്ത ആളാണോ തമ്പാനൂർ സതീഷ് എന്നത് കെപിസിസി നേതൃത്വം വ്യക്തമാക്കണം. കോണ്‍ഗ്രസ് പ്രവർത്തകർ വെയിലും മഴയും കൊണ്ട് സ്വരൂപിച്ച പാർട്ടി ഫണ്ട് കെപിസിസി പ്രസിഡന്റ് ധൂർത്തടിക്കുന്ന അവസ്ഥയാണുള്ളത്. ഫണ്ടിനെക്കുറിച്ച് ഒരു കമ്മിറ്റിയിലും ചർച്ച നടന്നിട്ടില്ല. ഫണ്ട് എന്തിനു വിനിയോഗിക്കുന്നു എന്നുപോലും ആർക്കുമറിയില്ല. പാർട്ടി പരിപാടികൾക്കു പോലും പ്രവർത്തകർ ടിക്കറ്റു വാങ്ങി കയറണമെന്ന് നിർദേശം വന്നു. നഷ്ടം വന്നതല്ലാതെ പാർട്ടി പരിപാടി കൊണ്ട് കോൺഗ്രസിന് എന്തെങ്കിലും നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. 

ഞാൻ സംഘിയാവാനുമില്ല, സഖാവാകാനുമില്ല. കെ.കരുണാകരന്റെ ശിഷ്യനായ ഞാൻ അദ്ദേഹത്തിന്റെ ഓർമകൾക്കൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നു. കേരളത്തിൽ നേതാക്കന്മാർ തന്നെയല്ലേ പാർട്ടിക്ക് പ്രതിസന്ധിയുണ്ടാക്കിയത്? കാസർകോടുനിന്ന് ആരംഭിച്ച സമരാഗ്നി തിരുവനന്തപുരത്ത് എത്തിയപ്പോൾ ചാമ്പലായി മാറിയില്ലേ? കെപിസിസി പ്രസിഡന്റല്ലേ അതിന്റെ ഉത്തരവാദി? ലക്ഷക്കണക്കിനു രൂപ മുടക്കി നടത്തിയ പരിപാടി നശിപ്പിക്കുമ്പോൾ കോൺഗ്രസ് പ്രവർത്തകരുടെ കണ്ണീരാണ് വീഴുന്നതെന്ന് ഓർക്കണം. പത്മജ ബിജെപിയിൽ പോയതിനെക്കുറിച്ച് പ്രതികരിക്കാനില്ല. എന്നാൽ കരുണാകരനെ കുറിച്ച് മോശമായി സംസാരിച്ചാൽ ഞാൻ പ്രതികരിക്കും. എന്റെ കുടുംബവുമായി അത്രയ്ക്ക് അടുത്ത ബന്ധമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്’’ –സതീഷ് പറഞ്ഞു.

English Summary:

Thampanoor Satheesh criticises KPCC president and Congress leaders for its crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com