‘തൃശൂരിൽ എന്നെക്കാൾ മികച്ച സ്ഥാനാർഥി വേണം; ആഹ്ളാദപ്രകടനം നടത്തുംവരെ നമുക്കിനി ഉറക്കമില്ല’
Mail This Article
തൃശൂർ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽനിന്ന് മത്സരിക്കുന്ന കെ.മുരളീധരനെ ആവേശത്തോടെ സ്വാഗതം ചെയ്ത് സിറ്റിങ് എംപി ടി.എൻ.പ്രതാപൻ. തന്നേക്കാൾ മികച്ച സ്ഥാനാർഥിയാണ് മുരളീധരൻ. അദ്ദേഹത്തിന്റെ വിജയം ഉറപ്പാക്കും വരെ പ്രവർത്തകർക്ക് വിശ്രമമില്ല. കോണ്‍ഗ്രസിന്റെ മതനിരപേക്ഷതയുടെ കൊടി വടക്കുംനാഥന്റെ മണ്ണിൽ ഉയർത്തുമെന്നും പ്രതാപൻ പറഞ്ഞു.
Read Also: ലളിതമായി ‘പണി കൊടുക്കാൻ’ അറിയാം; ട്രോളും തമാശയും ആസ്വദിക്കും: മുകേഷിനെപ്പറ്റി ഗണേഷ്
‘‘തൃശൂരിൽ എന്നെക്കാൾ മികച്ച സ്ഥാനാർഥി വേണമെന്ന് പാർട്ടി തീരുമാനിച്ചു. പ്രത്യേകിച്ച് ബിജെപിയുടെയും ആർഎസ്എസിന്റെയും നേതാക്കൾ തൃശൂരിനെ പിടിക്കാൻ വരികയാണ്. തൃശൂരിന്റെ മതേതരത്വം കാക്കാൻ, ലീഡറുടെയും കോൺഗ്രസിന്റെയും പൈതൃകം കാക്കാൻ, യുഡിഎഫിന്റെ അഭിമാനം സംരക്ഷിക്കാൻ നമുക്ക് കരുത്തനായ ഒരാൾ വേണം. ലീഡറുടെ പടവുകൾ ചവിട്ടി, അദ്ദേഹത്തിന്റെ വിശ്വാസ പ്രമാണങ്ങൾ നെഞ്ചിൽ ചേർത്തുകൊണ്ട്, തന്റെ അവസാന ശ്വാസം വരെ മതേതരത്വത്തിനുവേണ്ടി പോരാടുമെന്ന് പറഞ്ഞ കെ.മുരളീധരനെ നമ്മുടെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു.
അദ്ദേഹത്തിന്റെ വിജയം ഉറപ്പാക്കി ആഹ്ളാദ പ്രകടനം നടത്തുന്നതുവരെ നമുക്കിനി ഉറക്കമില്ല. ദാഹജലം ഉപേക്ഷിച്ചിട്ടായാലും ആ ദൗത്യം ഏറ്റെടുക്കുകയാണ്. കോണ്‍ഗ്രസിന്റെ, മതനിരപേക്ഷതയുടെ കൊടി വടക്കുംനാഥന്റെ മണ്ണിൽ ഉയർത്തും. അതിനിതാ വന്നിരിക്കുന്നു, സാക്ഷാൽ ലീഡറുടെ പൈതൃകത്തിന്റെ ഉത്തമ സാക്ഷി, കെ.മുരളീധരന് സ്വാഗതം’’ –പ്രതാപൻ പറഞ്ഞു.