വെടിയുതിർത്തത് 35 തവണ; കാറിലിരുന്ന് ഉറങ്ങിയ മദ്യവ്യാപാരിയെ രണ്ടംഗ സംഘം വെടിവച്ചുകൊന്നു
Mail This Article
ചണ്ഡിഗഡ്∙ ഹരിയാനയിലെ ധാബയിൽ പാർക്കിങ്ങിൽ കാറിലിരുന്ന് ഉറങ്ങുകയായിരുന്ന വ്യാപാരിയെ വെടിവച്ചുകൊന്നു. രാവിലെ 8.30ന് ഹരിയാനയിലെ മുർതാലിലെ ഗുൽഷൻ ധാബയിലായിരുന്നു സംഭവം. സുന്ദർ മാലിക് (38) എന്നയാളാണ് കൊല്ലപ്പെട്ടത്. മദ്യവ്യാപാരിയായ സുന്ദർ, ഹരിയാനയിലെ സരഗതൽ ഗ്രാമത്തിൽനിന്നുള്ളയാളാണ്.
Read Also: ട്രെയിനിനുള്ളിൽ സീറ്റിനുവേണ്ടി തർക്കം; ബർത്തിനു മുകളിൽ ഇരുന്നയാളെ ‘കയ്യേറ്റം ചെയ്ത്’ വനിതകൾ – വിഡിയോ
രണ്ടുപേർ ചേർന്നാണു വ്യാപാരിയെ ആക്രമിച്ചത്. പ്രതികൾ തുടർച്ചയായി വെടിയുതിർത്തതോടെ സുന്ദർ എസ്‍യുവിയിൽനിന്നു വീഴുകയായിരുന്നു. ആക്രമണകാരികളിൽ ഒരാളെ നിലത്തേക്കിട്ടു പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും രണ്ടാമത്തെയാൾ നിരവധി തവണ വെടിവച്ചതോടെ സുന്ദറിന് ചെറുത്തുനിൽക്കാനായില്ല. പ്രതികൾ 35 തവണ വെടിയുതിർത്തതായാണു പൊലീസ് നൽകുന്ന വിവരം. ധാബയുടെ ഉടമയാണു സംഭവം പൊലീസിൽ അറിയിക്കുന്നത്.
എട്ടംഗ സംഘം അന്വേഷണം ആരംഭിച്ചതായും കൊല്ലപ്പെട്ടയാളുടെ കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഭാഗമായുള്ള കൊലപാതകമല്ലെന്നാണു പൊലീസിന്റെ നിഗമനം. കാറിൽ സഞ്ചരിക്കവേ ഹരിയാനയിൽ ഐഎൻഎൽഡി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ട് ദിവസങ്ങൾക്കകമാണു മറ്റൊരു കൊലപാതകം സംഭവിച്ചത്.