ട്രെയിനിനുള്ളിൽ സീറ്റിനുവേണ്ടി തർക്കം; ബർത്തിനു മുകളിൽ ഇരുന്നയാളെ ‘കയ്യേറ്റം ചെയ്ത്’ വനിതകൾ – വിഡിയോ
Mail This Article
ഡെറാഡൂൺ∙ ട്രെയിനിലെ ജനറൽ കംപാർട്ടുമെന്റിൽ സീറ്റിനു വേണ്ടി തർക്കത്തിലേർപ്പെടുന്ന യാത്രക്കാരുടെ വിഡിയോ വൈറൽ. ബർത്തിനു മുകളിൽ ഇരിക്കുന്ന യാത്രക്കാരന്റെ കോളറിൽ കുത്തിപ്പിടിച്ച് ക്ഷോഭിക്കുന്ന വനിതയെയാണ് ദൃശ്യങ്ങളിൽ ആദ്യം കാണുന്നത്. പിന്നാലെ മറ്റൊരു യുവതി കൂടി ഇവർക്കൊപ്പം ചേരുന്നുണ്ട്. ഡെറാഡൂണിൽനിന്ന് ഗൊരഖ്പുരിലേക്കുള്ള ട്രെയിനിൽ വെള്ളിയാഴ്ചയാണ് സംഭവം.
Read Also: മണിക്കൂറുകൾ നീണ്ട ദൗത്യം വിഫലം; കുഴൽക്കിണറിൽ വീണയാളെ രക്ഷിക്കാനായില്ല
എന്താണു പറയുന്നതെന്നു വ്യക്തമല്ലെങ്കിലും തർക്കത്തിൽ ഏർപ്പെട്ടിരിക്കുന്നത് അമ്മയും മകളുമാണെന്ന് എക്സിൽ പോസ്റ്റു ചെയ്ത വിഡിയോയുടെ ക്യാപ്ഷനിൽ അവകാശപ്പെടുന്നു. ‘വനിതാദിനത്തിൽ അമ്മയും മകളും ഡെറാഡൂണ്‍ – ഗൊരഖ്പുര്‍ ട്രെയിനിൽ സീറ്റിനായി തര്‍ക്കിക്കുന്നു’ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം 5 ലക്ഷത്തിലേറെപ്പേർ കണ്ട വിഡിയോയ്ക്ക് രണ്ടായിരത്തിലേറെ ലൈക്കും വന്നിട്ടുണ്ട്.
വിഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളുമായി നിരവധിപ്പേർ രംഗത്തുവന്നു. ബർത്തിൽ ഇരിക്കുന്നയാളോട് അപമര്യാദയോടെയാണ് സ്ത്രീകൾ പെരുമാറിയതെന്ന് ചിലർ വാദിച്ചു. എന്നാൽ വനിതാ ശാക്തീകരണത്തിന്റെ ഭാഗമാണിതെന്ന് ചിലർ പരിഹസിച്ചു. ജനറൽ കംപാർട്ടുമെന്റുകൾ ചെയർ സിറ്റിങ് കോച്ചായി മാറ്റിയാൽ ഇത്തരം പ്രശ്നങ്ങൾ ഒരുപരിധി വരെ പരിഹരിക്കാമെന്ന് പലരും അഭിപ്രായപ്പെട്ടു. അതേസമയം ഉത്തരേന്ത്യയിലെ ട്രെയിനുകളിൽ ഇത്തരം കാഴ്ചകൾ സാധാരണമാണെന്നും ചിലർ അവകാശപ്പെടുന്നു.