മത്സരം കടുക്കും: ബിഷ്ണുപുർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിക്ക് എതിരെ തൃണമൂൽ രംഗത്തിറക്കിയത് മുൻ പങ്കാളിയെ
Mail This Article
കൊൽക്കത്ത∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിലെ ബിഷ്ണുപുർ മണ്ഡലത്തിൽ പരസ്പരം ഏറ്റുമുട്ടുന്നത് മുൻ ദമ്പതികൾ. മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായ സൗമിത്ര ഖാന് എതിരെ തൃണമൂൽ കോൺഗ്രസ് രംഗത്തിറക്കിയിരിക്കുന്നത് സ്ഥാനാർഥിയുടെ മുൻ ഭാര്യ സുജാത മോണ്ടലിനെയാണ്. ബംഗാളിലെ 2021 നിയമസഭാ തിരഞ്ഞെടുപ്പിനിടെയാണു ഇരുവരും തമ്മിൽ അകന്നത്. തൃണമൂൽ കോൺഗ്രസിൽ സുജാത മോണ്ടൽ അംഗമായതോടെ ക്യാമറയ്ക്കു മുന്നിൽ സൗമിത്ര ഖാൻ തങ്ങൾ വേർപിരിയുകയാണെന്നു പ്രഖ്യാപിക്കുകയായിരുന്നു.
തൃണമൂൽ കോൺഗ്രസ് നേതാവായിരുന്ന സൗമിത്ര ഖാൻ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണു ബിജെപിയിലേക്ക് ചേക്കേറിയത്. ഈ സമയത്തു സുജാത മോണ്ടല്‍ സൗമിത്ര ഖാന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയിരുന്നു. ഈ മാസം ആദ്യമാണു സ്ഥാനാർഥി പട്ടിക ബിജെപി പുറത്തുവിട്ടത്. ഇന്നലെയാണു തൃണമൂൽ കോൺഗ്രസ് 42 മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ടത്.