‘വിഎസിന്റെ മകനെ ഡയറക്ടറാക്കാൻ ഐഎച്ച്ആർഡി ഭേദഗതി വരുത്തി’: സാങ്കേതിക സർവകലാശാല ഡീൻ ഹൈക്കോടതിയിൽ
Mail This Article
കൊച്ചി∙ മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ മകൻ വി.എ.അരുൺ കുമാറിനെ ഡയറക്ടറാക്കാൻ യോഗ്യതയിൽ ഐഎച്ച്ആർഡി ഭേദഗതി വരുത്തിയെന്ന് ആരോപണം. ഇതു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഐഎച്ച്ആർഡിയിലെ പ്രഫസറും, നിലവിൽ സാങ്കേതിക സർവകലാശാല ഡീനുമായ ഡോക്ടർ വിനു തോമസ് ഹൈക്കോടതിയെ സമീപിച്ചു. ഡയറക്ടർ സ്ഥാനത്തേക്ക് അധ്യാപന പരിചയത്തിന് പകരം അഡീഷനൽ ഡയറക്ടറുടെ പ്രവർത്തി പരിചയം മതിയെന്നാണ് പുതിയ ഭേദഗതി. ചട്ടവിരുദ്ധമായി ഗവേണിങ് ബോഡിക്ക് പകരം എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് യോഗ്യത ഭേദഗതി ചെയ്യാൻ സർക്കാരിന് ശുപാർശ നൽകിയത്.
Read also: ലോ കോളജ് വിദ്യാർഥിനിയെ മർദിച്ച കേസ്: ഡിവൈഎഫ്ഐ നേതാവ് ജയ്സൺ ജോസഫ് കീഴടങ്ങി
എൻജിനീയറിങ് ബിരുദാനന്തര ബിരുദത്തിനൊപ്പം 15 വർഷത്തെ അധ്യാപന പരിചയം, ഇതിൽ മൂന്നുവർഷം പ്രിൻസിപ്പൽ അല്ലെങ്കിൽ പ്രഫസർ സ്ഥാനത്തുള്ള ഭരണ പരിചയം. അല്ലെങ്കിൽ എൻജിനീയറിങ് ബിരുദാനന്തര ബിരുദത്തിനൊപ്പം 10 വർഷത്തെ അധ്യാപന പരിചയവും അഞ്ചുവർഷം അതത് മേഖലയിലെ ജോലി പരിചയവും. ഇതുമല്ലെങ്കിൽ കേന്ദ്ര സർവീസിൽ നിന്നുള്ള ഡപ്യൂട്ടേഷൻ. ഐഎച്ച്ആർഡി ഡയറക്ടർ ആകാൻ നേരത്തെയുള്ള യോഗ്യതകൾ ഇതൊക്കെയായിരുന്നു. എന്നാൽ 2023 ഡിസംബർ 13ന് യോഗ്യത ഭേദഗതി ചെയ്തുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. നേരത്തെ പറഞ്ഞ മാനദണ്ഡങ്ങൾക്കൊപ്പം ഏഴുവർഷം ഐഎച്ച്ആർഡി അഡീഷനൽ ഡയറക്ടർ അല്ലെങ്കിൽ പ്രിൻസിപ്പൽ സ്ഥാനത്തുള്ള പ്രവർത്തി പരിചയം മതി എന്നാണ് പുതിയ ഭേദഗതി. ഇത് അധ്യാപന പരിചയം ഇല്ലാത്ത, നിലവിലെ താൽക്കാലിക ഡയറക്ടറുടെ ചുമതല വഹിക്കുന്ന അരുൺ കുമാറിന് വേണ്ടിയുള്ളതാണെന്നാണ് ആരോപണം.
ഐഎച്ച്ആർഡിയുടെ വ്യവസ്ഥകൾ അനുസരിച്ച് യോഗ്യത മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്താൻ ശുപാർശ ചെയ്യാനുള്ള അധികാരം 23 അംഗ ഗവേണിങ് ബോഡിയിൽ നിക്ഷിപ്തമാണ്. ഇതിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി സംസ്ഥാനത്തിന്റെ എക്സ് ഒഫിഷ്യോ ചെയർമാനും, ചീഫ് സെക്രട്ടറി വൈസ് ചെയർമാനുമാണ്. ഇതിനു പകരം എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഐഎച്ച്ആർഡി ഡയറക്ടറുടെ യോഗ്യതയിൽ ഭേദഗതി വരുത്താനുള്ള ശുപാർശ സമർപ്പിച്ചതും, സർക്കാർ ഉത്തരവിറക്കിയതും. ഇതു പ്രകാരം മഴുവൻസമയ ഡയറക്ടർ തസ്തിയിലേക്ക് അപേക്ഷ ക്ഷണിച്ചുള്ള വിജ്ഞാപനം പുറത്തിറക്കുകയും ചെയ്തു.
ഈ ഉത്തരവും വിജ്ഞാപനവും നിയമപരമായി നിലനിൽക്കില്ലെന്നും, അതിനാൽ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഐഎച്ചആർഡിയിലെ പ്രഫസറും, നിലവിൽ സാങ്കേതിക സർവകലാശാല ഡീനുമായ ഡോക്ടർ വിനു തോമസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. യോഗ്യതയില്ലാത്ത അരുൺ കുമാറിനെ നിലവിലെ താൽക്കാലിക ഡയറക്ടറുടെ തസ്തികയിൽ നിന്നും മാറ്റണമെന്നും, നേരത്തെയുള്ള ചട്ടപ്രകാരം മുഴുവൻ സമയ ഡയറക്ടർ നിയമിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.
ഹർജിയിൽ സംസ്ഥാന സർക്കാർ, ഐഎച്ച്ആർഡി, എഐസിടിഇ തുടങ്ങിയ എതിർകക്ഷികളോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്. നേരത്തെ ഐഎച്ച്ആർഡിലെ അരുൺകുമാറിന്റെ നിയമനവും സ്ഥാനക്കയറ്റവുമെല്ലാം അതത് കാലങ്ങളിൽ വിവാദമായിരുന്നു. അരുൺ കുമാറിന്റെ നിയമനം ചട്ടവിരുദ്ധമാണെന്നായിരുന്നു നിയമസഭാ സബ് കമ്മിറ്റിയുടെ കണ്ടെത്തൽ. എന്നാൽ വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതി അരുൺ കുമാറിനെ കുറ്റവിമുക്തനാക്കിയിരുന്നു.