ADVERTISEMENT

തൊടുപുഴ∙ കട്ടപ്പന ഇരട്ടക്കൊലപാതക കേസില്‍ കൊല്ലപ്പെട്ട നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്താന്‍ വീണ്ടും പരിശോധന. സാഗര ജംക്ഷനിലെ വീടിനോടു ചേര്‍ന്നുള്ള തൊഴുത്ത് കുഴിച്ചാണ് പരിശോധന നടത്തുന്നത്. മൃതദേഹം ഇവിടെയാണ് കുഴിച്ചിട്ടതെന്ന് പ്രതി നിതീഷ് മൊഴി തിരുത്തിയിരുന്നു.

Read Also: 7 മണിക്കൂർ നീണ്ട തെളിവെടുപ്പ്; നരബലി, മന്ത്രവാദം അഭ്യൂഹങ്ങൾ തള്ളി പൊലീസ്

മോഷണക്കേസ് പ്രതികളെ ചോദ്യംചെയ്തപ്പോള്‍ ചുരുളഴിഞ്ഞ ഇരട്ടക്കൊലക്കേസില്‍, കൊല്ലപ്പെട്ട നെല്ലാനിക്കല്‍ എന്‍.ജി.വിജയന്റെ (65) മൃതദേഹാവശിഷ്ടങ്ങള്‍ കാഞ്ചിയാര്‍ കക്കാട്ടുകടയിലെ വാടകവീടിന്റെ തറ പൊളിച്ചു നടത്തിയ പരിശോധനയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. 

കേസിലെ മുഖ്യപ്രതിയും വിജയന്റെ കുടുംബത്തിനൊപ്പം കഴിയുകയും ചെയ്തിരുന്ന പുത്തന്‍പുരയ്ക്കല്‍ നിതീഷിനെ (രാജേഷ്-31) വാടകവീട്ടിലെത്തിച്ചു നടത്തിയ പരിശോധനയിലാണു വിജയന്റെ മൃതദേഹം കണ്ടെത്തിയത്. വീട്ടിലെ ഒരു മുറിയില്‍ അഞ്ചടി താഴ്ചയില്‍ കുഴിയെടുത്താണ് മൃതദേഹം മറവുചെയ്തിരുന്നത്. വിജയനെ കൊലപ്പെടുത്തിയ കേസില്‍ നിതീഷ് ഒന്നാം പ്രതിയും വിജയന്റെ ഭാര്യ സുമ (57), മകന്‍ വിഷ്ണു (27) എന്നിവര്‍ രണ്ടും മൂന്നും പ്രതികളുമാണ്. മോഷണശ്രമത്തിനിടെ വീണു പരുക്കേറ്റ് കാലിന് ഒടിവ് സംഭവിച്ച വിഷ്ണു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. 

നിതീഷിന് വിഷ്ണുവിന്റെ സഹോദരിയിലുണ്ടായ നവജാത ശിശുവിനെ അഞ്ചുദിവസം മാത്രം പ്രായമുള്ളപ്പോള്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ കേസില്‍ നിതീഷ് ഒന്നാം പ്രതിയും കൊല്ലപ്പെട്ട വിജയന്‍ രണ്ടാം പ്രതിയും വിഷ്ണു മൂന്നാം പ്രതിയുമാണ്. ശിശുവിന്റെ മൃതദേഹം മറവുചെയ്തിട്ടുണ്ടെന്നു സൂചനയുള്ള കട്ടപ്പന സാഗരാ ജംക്ഷനിലെ സ്ഥലത്ത് ഇന്നലെ നിതീഷിനെ എത്തിച്ച് ഇവിടെയുള്ള വീടിനോടു ചേര്‍ന്ന തൊഴുത്തിനുള്ളില്‍ പൊലീസ് കുഴിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. മാനസികനില മോശമായ രീതിയിലുള്ള സുമയും മകളും ഷെല്‍റ്റര്‍ ഹോമിലാണുള്ളത്. സുമയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

English Summary:

Kattapana Double Murder: New Search for Infant's Body Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com