ADVERTISEMENT

തിരുവനന്തപുരം∙ ചിദംബരം സംവിധാനം ചെയ്തു കേരളത്തിലും തമിഴ്നാട്ടിലും വൻ വിജയമായി മാറിയ ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രത്തെയും മലയാളികളെയും അധിക്ഷേപിച്ച എഴുത്തുകാരൻ ജയമോഹന് എതിരെ മുതിർന്ന സിപിഎം നേതാവ് എം.എ.ബേബി. മലയാളികളെ അധിക്ഷേപിച്ചു ജയമോഹൻ നടത്തിയ 'പെറുക്കികൾ' എന്ന പ്രയോഗം ജയമോഹന്റെ സംഘപരിവാർ പശ്ചാത്തലത്തിൽ നിന്നു വരുന്നതാണെന്നു എം.എ.ബേബി ഫെയ്സ്ബുക്കിൽ കുറിച്ചു. മലയാളികളെയും കേരളത്തെയും അധിക്ഷേപിക്കാനുള്ള സംഘപരിവാർ ശ്രമത്തിന്റെ ഭാഗമാണ്  ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയെ ചാരി വിവാദമുണ്ടാക്കാൻ ജയമോഹൻ നടത്തുന്ന ശ്രമങ്ങളെന്നും കേരളസ്റ്റോറി സിനിമയുടെ ഒക്കെ പിന്നാലെയാണു ജയമോഹന്റെ കർസേവയെന്നും എം.എ.ബേബി പറഞ്ഞു. മഞ്ഞുമ്മല്‍ ബോയ്സ്- കുടിച്ചുകൂത്താടുന്ന പൊറുക്കികൾ എന്ന തലക്കെട്ടില്‍ മാര്‍ച്ച് 9ന് പ്രസിദ്ധീകരിച്ച ബ്ലോഗിലൂടെയാണ് ജയമോഹന്‍ സിനിമയെയും മലയാളികളെയും രൂക്ഷമായ ഭാഷയില്‍ അധിക്ഷേപിച്ചത്.

Read Also: കുടിച്ചുകൂത്താടുന്ന പൊറുക്കികൾ: ‘മഞ്ഞുമ്മലി’നെയും മലയാളികളെയും അധിക്ഷേപിച്ച് ജയമോഹന്‍

എം.എ.ബേബിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

മലയാളിയായ തമിഴ് എഴുത്തുകാരൻ ജയമോഹൻ എന്ന ജയമോഹൻ നായർ മലയാളികളെ അധിക്ഷേപിച്ചു നടത്തിയ 'പെറുക്കികൾ' എന്ന പ്രയോഗം ജയമോഹന്റെ സംഘപരിവാർ പശ്ചാത്തലത്തിൽ നിന്നുകൂടി വരുന്നതാണ്. മലയാളികളെയും കേരളത്തെയും അധിക്ഷേപിക്കാനുള്ള സംഘപരിവാർ ശ്രമത്തിന്റെ ഭാഗമാണ്  ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയെ ചാരി ഒരു വിവാദമുണ്ടാക്കാൻ ജയമോഹൻ നടത്തുന്ന ശ്രമങ്ങൾ.  കേരളസ്റ്റോറി എന്ന സിനിമയുടെ ഒക്കെ പിന്നാലെയാണു ജയമോഹന്റെ കർസേവ.

പക്ഷേ എനിക്കു പറയാനുള്ളത് ഇതാണ്- അതേ, ഞങ്ങൾ പെറുക്കികൾ ആണ്! (പണ്ട് കേശവദേവും കെടാമംഗലം പപ്പുക്കുട്ടിയും രാമദാസും കൂടെ സ്വയം നൽകിയ വിളിപ്പേര് പറവൂരിലെ മൂന്നു പോക്രികൾ എന്നായിരുന്നു.) പക്ഷേ, ഈ പെറുക്കികൾ സംഘടിച്ച്, സമരം ചെയ്ത് ഇന്ത്യയിലെ ഏറ്റവും പുരോഗതിയുള്ള സമൂഹത്തെ സൃഷ്ടിച്ചു. ഈ പെറുക്കികൾ തന്നെയാണു ജാതി ജന്മി നാടുവാഴി മേധാവിത്വത്തിന്റെ അടിത്തറ തകർത്തുവിട്ടത്. ഈ പെറുക്കികൾ ഉണ്ടാക്കിയ വിപ്ലവത്തിൽ ജയമോഹനെപ്പോലെയുള്ള ആളുകൾക്ക് അസ്വസ്ഥതയുണ്ട് എന്നതു തന്നെയാണ് ഞങ്ങളുടെ മഹത്വം. ജയമോഹന്റെ അന്യഥാ ആകർഷകമായ പല രചനകളിലും ഒളിഞ്ഞും തെളിഞ്ഞും കടന്നുവരുന്ന സംഘപരിവാർ പ്രത്യയശാസ്ത്രം അദ്ദേഹത്തിന്റെ പ്രസ്താവനകളിൽ മാത്രമല്ല, ‘നൂറു സിംഹാസനങ്ങൾ’ പോലുള്ള അതിപ്രശസ്ത കൃതികളിൽ പോലും ഒരു സൂക്ഷ്മവായനയിൽ വെളിപ്പെടുന്നതാണ്. ഇന്ത്യയിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രഖ്യാത സംഗീതജ്ഞരിൽ അനന്യനായ ടി.എം. കൃഷ്ണയുടെ 'പുറംപോക്ക് ' എന്ന ഒരു പാട്ട് ഉണ്ട്. അത് പുറംപോക്കിലെ പെറുക്കികളെയാണ് ആഘോഷിക്കുന്നത്. ആ പാട്ടാണ് ജയമോഹന്റെ അധിക്ഷേപത്തിന് തക്കമറുപടി.

English Summary:

M A Baby gave reply to B Jeyamohan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com