അനുനയിപ്പിച്ച് ഹസൻ: കണ്ണൂരിൽ മത്സരിക്കില്ലെന്ന് മമ്പറം ദിവാകരൻ
Mail This Article
കണ്ണൂർ∙ കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന തീരുമാനത്തിൽനിന്നു പിൻവാങ്ങി കോൺഗ്രസിൽനിന്നു പുറത്താക്കപ്പെട്ട മമ്പറം ദിവാകരൻ. യുഡിഎഫ് കൺവീനർ എം.എം.ഹസനുമായി സംസാരിച്ചതിനു പിന്നാലെയാണു മമ്പറം ദിവാകരൻ തീരുമാനത്തിൽനിന്നും പിൻവാങ്ങിയത്. പാർട്ടിയിൽ തിരിച്ചെടുക്കാമെന്നും പദവി തിരികെ നൽകുന്നതിൽ ഉടൻ തീരുമാനമെടുക്കാമെന്നും ഹസൻ മമ്പറം ദിവാകരനെ അറിയിച്ചതായാണു വിവരം. കെപിസിസി എക്സിക്യൂട്ടിവ് അംഗമായിരുന്നു മമ്പറം ദിവാകരൻ.
കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത് കെ.സുധാകരനാണെങ്കിൽ താൻ സ്വതന്ത്രനായി മത്സരിക്കുമെന്നായിരുന്നു മമ്പറം ദിവാകരൻ നേരത്ത പ്രഖ്യാപിച്ചത്. സുധാകരന്റെ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് എതിരെയാണു തന്റെ മത്സരമെന്നായിരുന്നു ദിവാകരന്റെ വാദം.
രണ്ടു വർഷം മുൻപാണു ദിവാകരനെ കോണ്‍ഗ്രസ് പുറത്താക്കിയത്. തലശ്ശേരിയിലെ ഇന്ദിരാ ഗാന്ധി ആശുപത്രി സഹകരണ സംഘം തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ ഔദ്യോഗിക പാനലിനെതിരെ മമ്പറം ദിവാകരന്റെ നേതൃത്വത്തിലുള്ള ബദൽ പാനൽ മത്സരിക്കുന്നത് അച്ചടക്കലംഘനമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്ന കെപിസിസിയുടെ നടപടി. കെപിസിസി നിർവാഹക സമിതി അംഗമായിരുന്ന ദിവാകരൻ 2 തവണ ധർമടം മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്.