എഐഎഡിഎംകെ ഒപിഎസ് വിഭാഗം ബിജെപിക്കൊപ്പം? തമിഴ്നാട്ടിൽ നാടകീയ നീക്കങ്ങൾ
Mail This Article
ചെന്നൈ ∙ തമിഴ്നാട് മുൻമുഖ്യമന്ത്രി ഒ.പനീർസെൽവം ബിജെപിയുമായി സഖ്യകക്ഷി ചർച്ച നടത്തുന്നതായി റിപ്പോർട്ട്. ചെന്നൈയിലെ സ്വകാര്യ ഹോട്ടലിലാണ് പ്രമുഖ ബിജെപി നേതാക്കളുമായുള്ള ചര്‍ച്ച പുരോഗമിക്കുന്നത്. പനീർസെൽവം നേതൃത്വം നൽകുന്ന എഐഎഡിഎംകെ വിഭാഗം ബിജെപിക്കൊപ്പം ചേർന്നേക്കും.
ലോക്സഭാ തിരഞ്ഞെടുപ്പു തീയതികൾ പ്രഖ്യാപിക്കാനിരിക്കെയാണ് നാടകീയ നീക്കങ്ങൾക്ക് കളമൊരുങ്ങുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി എഐഎഡിഎംകെയുമായി സഖ്യചർച്ചയിൽ ഏർപ്പെട്ടിരുന്ന ശരത്കുമാർ മുൻകൈയെടുത്താണ് പുതിയ നീക്കമെന്നും സൂചനയുണ്ട്. തമിഴ്‌നാട്ടിലെ മറ്റു പല പാർട്ടികളും ബിജെപി സഖ്യത്തിൽ ചേരാൻ തയ്യാറാണെന്നു വിവരമുണ്ട്.
അതേസമയം, പാർട്ടിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന സിനിമാ നിർമാതാവ് ജാഫർ സാദിഖ് 2,000 കോടി രൂപയുടെ ലഹരികടത്തു കേസിൽ അറസ്റ്റിലായതോടെ ഡിഎംകെ പ്രതിരോധത്തിലായി. മന്ത്രി ഉദയനിധി സ്റ്റാലിന് 7 ലക്ഷം രൂപ നൽകിയതായി ജാഫർ വെളിപ്പെടുത്തിയിരുന്നു. ഇതില്‍ 5 ലക്ഷം ചൈന്നൈയിലെ പ്രളയകാലത്തും ശേഷിക്കുന്ന 2 ലക്ഷം പാർട്ടി ഫണ്ടായും നൽകിയെന്നാണ് വെളിപ്പെടുത്തൽ. മാർച്ച് 9നാണ് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ജാഫർ സാദിഖിനെ അറസ്റ്റു ചെയ്തത്. പിന്നാലെ ഈ വിഷയം ബിജെപി രാഷ്ടരീയ ആയുധമാക്കുകയായിരുന്നു.