‘ബിജെപിക്ക് മികച്ച സ്ഥാനാർഥികൾ, കേന്ദ്രമന്ത്രിമാർ വരെയുണ്ട്; പോരാട്ടം എൽഡിഎഫും ബിജെപിയും തമ്മിൽ’
Mail This Article
കോഴിക്കോട്∙ കേരളത്തിൽ പലയിടത്തും ബിജെപിക്ക് നല്ല സ്ഥാനാർഥികളാണ് ഉള്ളതെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. തിരുവനന്തപുരം, ആറ്റിങ്ങൽ, തൃശൂർ, കോഴിക്കോട് തുടങ്ങിയ മണ്ഡലങ്ങളിൽ മികച്ച സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. അതുകൊണ്ടാണ് ഇവിടുത്തെ പോരാട്ടം എൽഡിഎഫും ബിജെപിയും തമ്മിലാകുന്നത്. കേരളത്തിൽ കോൺഗ്രസ് പ്രബല ശക്തിയല്ലാതായി മാറിയതാണ് മത്സരചിത്രം മാറാൻ കാരണമെന്നും ജയരാജൻ അഭിപ്രായപ്പെട്ടു.
Read also: ടി.എൻ.പ്രതാപനെ കൈവിടാതെ പാർട്ടി; കെപിസിസി വർക്കിങ് പ്രസിഡന്റായി നിയമനം
‘‘എല്ലാ സ്ഥലത്തും ബിജെപിയുടേത് നല്ല സ്ഥാനാർഥികളാണ്. തിരുവനന്തപുരത്ത് അവർ കേന്ദ്രമന്ത്രിയെയാണ് മത്സരിപ്പിക്കുന്നത്. ആറ്റിങ്ങലിലും കേന്ദ്രമന്ത്രിയാണ് മത്സരിക്കുന്നത്. അതുപോലെ തന്നെ മറ്റു പല മണ്ഡലങ്ങളിലും നല്ല സ്ഥാനാർഥികളാണ്. തൃശൂർ എടുത്താൽ സുരേഷ് ഗോപിയുണ്ട്. സുരേഷ് ഗോപി പക്ഷേ, അവിടെ ജയിച്ചുവരാനുള്ള സാധ്യതയൊന്നുമില്ല. അദ്ദേഹം തന്നെ സ്വമേധയാ ജനങ്ങളുടെ മുന്നിൽ ചെറുതായിപ്പോയി. സിനിമയും രാഷ്ട്രീയവും രണ്ടാണ്.
സിനിമയാണ് രാഷ്ട്രീയമെന്ന് ധരിച്ചുപോയാൽ അബദ്ധം സംഭവിക്കും. അദ്ദേഹത്തിന് അങ്ങനെയൊരു ധാരണ ഉണ്ടായെന്നാണ് എനിക്കു തോന്നുന്നത്. അവർ നിർത്തിയിരിക്കുന്ന സ്ഥാനാർഥികളിൽ പലരും പ്രമുഖ നേതാക്കളാണ്. കോഴിക്കോട്ട് എം.ടി. രമേശുണ്ട്. അവർ ഇത്തരത്തിൽ കരുത്തരായ സ്ഥാനാർഥികളെ നിർത്തി മത്സരിക്കുന്നു. കോൺഗ്രസിൽനിന്ന് കൂടുതൽ കൂടുതൽ ആളുകൾ പോയിക്കൊണ്ടിരിക്കുന്നു. കോൺഗ്രസിലാണ് അവർ പ്രതീക്ഷ അർപ്പിച്ചിരിക്കുന്നത്. കോൺഗ്രസിന്റെ നേതാക്കളാണെങ്കിലും പടിപടിയായി പോകുന്നു.
രാഹുൽ ഗാന്ധിക്ക് കേരളത്തിന്റെ പുറത്ത് എവിടെയെങ്കിലും പോയി മത്സരിക്കാൻ ധൈര്യമുണ്ടോ? പാർട്ടിയെ നയിക്കേണ്ട കെ.സി.വേണുഗോപാൽ അവിടെനിന്ന് വന്ന് ഇവിടെയൊരു പാർലമെന്റ് സീറ്റിൽ മത്സരിക്കുകയല്ലേ? ഇതിൽ നിന്നെല്ലാം എന്താണ് മനസ്സിലാക്കേണ്ടത്? അവരുടെ ദേശീയ നേതൃത്വം ദുർബലമാകുകയാണ്. സംസ്ഥാനങ്ങളിലൊക്കെ ആളുകൾ ഒഴുകി മറ്റു പാർട്ടികളിലേക്കു പോവുകയാണ്.
ബിജെപിയാകട്ടെ, കേന്ദ്രഭരണം ഉപയോഗിച്ചുകൊണ്ട് ജനങ്ങൾക്കുനേരെ യുദ്ധമാണ്. ആ ബിജെപിയെ പ്രതിരോധിക്കാനും ഇന്ത്യയിൽ ബിജെപി ഭരണം അവസാനിപ്പിക്കാനും ഇടതുപക്ഷത്തിന്റെ കരുത്തു വേണം. അതുകൊണ്ട് കോൺഗ്രസിന്റെ പിന്നിൽ അണിനിരക്കുന്നവർ ഇടതുപക്ഷത്തെയാണ് സഹായിക്കേണ്ടത്. ഇടതുപക്ഷമാണ് ജയിക്കേണ്ടത്. ഇടതുപക്ഷം ജയിച്ചാൽ മാത്രമേ ബിജെപിയെ പ്രതിരോധിക്കാൻ കഴിയൂ.’’ – ജയരാജൻ പറഞ്ഞു.