‘മുഖ്യമന്ത്രി മാസ് ഡയലോഗ് നിർത്തി ഡബിൾ റോൾ അവസാനിപ്പിക്കണം, സിഎഎ സമരങ്ങളിൽ ഇന്നലെയും കേസെടുത്തു’
Mail This Article
കോഴിക്കോട്∙ ആത്മാർത്ഥത ഉണ്ടെങ്കിൽ മുഖ്യമന്ത്രി മാസ് ഡയലോഗ് നിർത്തി ഡബിൾ റോൾ അവസാനിപ്പിക്കണമെന്ന് മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ.ഫിറോസ്. സിഎഎയുമായി ബന്ധപ്പെട്ടു മുൻപ് നടത്തിയ പ്രതിഷേധത്തിന്റെ പേരിൽ എടുത്ത കേസുകൾ സംസ്ഥാന സർക്കാർ പിൻവലിക്കുമെന്ന് പറഞ്ഞെങ്കിലും പിൻവലിച്ചില്ല. പൊതുമുതൽ നശിപ്പിച്ച കേസ് പെട്ടന്ന് പിൻവലിക്കാൻ പറ്റില്ല എന്നാണ് എ.എ.റഹിം ഇന്നു പറഞ്ഞത്.
നിയമസഭാ തല്ലിപ്പൊളിച്ച കേസ് ഒറ്റ ദിവസം കൊണ്ട് പിൻവലിച്ച സർക്കാരാണിത്. യൂത്ത് ലീഗ് ഇതിനകം തന്നെ ലക്ഷങ്ങൾ പിഴ അടച്ചു. പല കേസുകളും തീർപ്പാക്കി. സർക്കാർ ഈ തമാശ നിർത്തണം. കേരളത്തിൽ നിയമം നടപ്പാകില്ല എന്നു പറഞ്ഞ് സമരത്തിന്റെ വീര്യം തകർക്കാനാണ് ശ്രമം. തമിഴ്നാട്ടിൽ കേസുകൾ പിൻവലിച്ചു. അവടെ കേസ് പിൻവലിക്കാൻ കാലതാമസം വേണ്ടിവന്നില്ല. ഇന്നലെ നടത്തിയ പ്രതിഷേധത്തിന്റെ പേരിലും കേസെടുത്തെന്നും പി.കെ.ഫിറോസ് പറഞ്ഞു.
സിഎഎയ്ക്കെതിരെ വ്യാപക സമരം ആരംഭിക്കുമെന്നും പി.കെ.ഫിറോസ് പറഞ്ഞു. 140 നിയോജക മണ്ഡലങ്ങളിൽ ഇന്നു രാത്രി 9.30നു പ്രതിഷേധം നടത്തും. പൗരത്വ നിയമ വ്യവസ്ഥക്കെതിരെയുള്ള പ്രതിഷേധം വകവയ്ക്കാതെ ആണ് ചട്ടങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. ഒരു മതത്തെ ശത്രുവാക്കി മാറ്റുന്നു. ഹിറ്റ്ലർ നടത്തിയ അതേകാര്യമാണ് ബിജെപി നടത്തുന്നത്. ഇന്ന് മുസ്‌ലിം ലീഗ് സുപ്രീം കോടതിയിൽ ഹർജി നൽകി. മുൻപ് 230 ഹർജികൾ വന്നു. ഈ ഹർജികൾ നിലനിൽക്കെയാണ് വിജ്ഞാപനം വന്നത്. ഹർജി പരിഗണിക്കുന്നത് വരെ വിജ്ഞാപനം റദ്ദാക്കണം. കോടതിക്ക് അതിനു സാധിച്ചില്ലെങ്കിൽ എല്ലാ മതങ്ങളെയും സിഎഎയിൽ ഉൾപ്പെടുത്തണമെന്നും പി.കെ.ഫിറോസ് പറഞ്ഞു.