പ്രതാപന് സീറ്റ് നിഷേധിച്ചത് കേരളത്തിന്റെ കാര്യം പാർലമെന്റിൽ പറഞ്ഞതിനാണോ?: മന്ത്രി റിയാസ്
Mail This Article
കോഴിക്കോട് ∙ കേരളത്തിലെ ജനങ്ങൾക്കൊപ്പം നിന്ന് എൽഡിഎഫ് സർക്കാരിന്റെ നിലപാട് പാർലമെന്റിൽ പറഞ്ഞതിനാണോ ടി.എൻ.പ്രതാപനു കോൺഗ്രസ് സീറ്റ് നിഷേധിച്ചതെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കോൺഗ്രസിന്റെ മറ്റു സിറ്റിങ് എംപിമാരെല്ലാം കേരളത്തിൽ മത്സരിക്കുമ്പോൾ തൃശൂരിൽ പ്രതാപനു മാത്രം സീറ്റ് നിഷേധിച്ചു. കോഴിക്കോട് നോർത്ത് മണ്ഡലം കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘കേരളത്തിന് അർഹതപ്പെട്ട പണം ലഭിക്കേണ്ടതിനെ കുറിച്ച് ഒരു കോൺഗ്രസ് എംപിയും പാർലമെന്റിൽ മിണ്ടിയില്ല. ഒരുമിച്ചു നിൽക്കേണ്ട സന്ദർഭത്തിൽ അവർ സങ്കുചിത രാഷ്ട്രീയ നിലപാട് സ്വീകരിച്ചു. എന്തെങ്കിലും മിണ്ടിയതു പ്രതാപൻ മാത്രമാണ്. അദ്ദേഹത്തിന് ഇപ്പോൾ സീറ്റുമില്ല. കേരളത്തിന് അർഹമായ പണം ലഭിക്കേണ്ടതിനെ കുറിച്ച് എൽഡിഎഫ് ഇവിടെ ക്യാംപെയ്ൻ ശക്തമാക്കിയ ഘട്ടത്തിലാണു പ്രതാപൻ ഇക്കാര്യം പാർലമെന്റിൽ ഉയർത്തിയത്’’– റിയാസ് പറഞ്ഞു.