സുപ്രീംകോടതി കടുപ്പിച്ചു; തിരഞ്ഞെടുപ്പ് കടപ്പത്രങ്ങളുടെ വിവരങ്ങൾ കൈമാറി എസ്ബിഐ, 15ന് പ്രസിദ്ധീകരിക്കും
Mail This Article
ന്യൂഡൽഹി ∙ സുപ്രീം കോടതി നിലപാട് കടുപ്പിച്ചതിനു പിന്നാലെ തിരഞ്ഞെടുപ്പു കടപ്പത്രങ്ങളുടെ വിവരങ്ങൾ തിരഞ്ഞെടുപ്പു കമ്മിഷനു കൈമാറി എസ്ബിഐ. വൈകിട്ട് അഞ്ചരയോടെയാണ് വിവരങ്ങൾ കൈമാറിയത്. എസ്ബിഐ നൽകിയ വിവരങ്ങൾ സുപ്രീം കോടതിയുടെ നിർദേശപ്രകാരം ഈ മാസം 15ന് തിരഞ്ഞെടുപ്പു കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. വിവരങ്ങൾ കൈമാറുന്നതിനു സാവകാശം തേടിയ എസ്ബിഐക്ക് സുപ്രീം കോടതിയിൽനിന്നു കനത്ത തിരിച്ചടി നേരിട്ടിരുന്നു.
വിവരങ്ങൾ ചൊവ്വാഴ്ച വൈകിട്ട് 5നു മുൻപ് കമ്മിഷനു കൈമാറാൻ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് നിർദേശിച്ചത്. ഇവ ക്രോഡീകരിച്ചു 15ന് അകം തിരഞ്ഞെടുപ്പു കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇനിയും ഉത്തരവു പാലിച്ചില്ലെങ്കിൽ എസ്ബിഐക്കെതിരെ നടപടിയെടുക്കുമെന്നു ചീഫ് ജസ്റ്റിസ് മുന്നറിയിപ്പു നൽകി.
2019 ഏപ്രിൽ 19 മുതൽ രാഷ്ട്രീയ പാർട്ടികൾക്കു കടപ്പത്രം വഴി ലഭിച്ച സംഭാവനയുടെ വിവരങ്ങൾ മാർച്ച് 6നു മുൻപു തിരഞ്ഞെടുപ്പു കമ്മിഷനു നൽകാനായിരുന്നു കടപ്പത്രങ്ങൾ റദ്ദാക്കിക്കൊണ്ടു കഴിഞ്ഞമാസം 15ന് സുപ്രീം കോടതി ഉത്തരവിട്ടത്. ഈ 26 ദിവസങ്ങളിൽ എന്തുചെയ്യുകയായിരുന്നുവെന്ന് ബെഞ്ച് എസ്ബിഐയോടു ചോദിച്ചു. ‘സാവകാശം തേടി എസ്ബിഐ നൽകിയ അപേക്ഷയിൽ ഇതുവരെ ചെയ്തത് എന്താണെന്നു വ്യക്തമാക്കിയിട്ടില്ല. എസ്ബിഐയിൽനിന്ന് അൽപം ആത്മാർഥത പ്രതീക്ഷിക്കുന്നു’– കോടതി തുറന്നടിച്ചു.
വേണ്ടത്ര വിവരങ്ങൾ എസ്ബിഐയുടെ കൈവശമുണ്ടെന്നു നിരീക്ഷിച്ചുകൊണ്ടായിരുന്നു അഞ്ചംഗ ബെഞ്ചിന്റെ വിമർശനം. വിവരങ്ങൾ ക്രോഡീകരിക്കുന്നതിലെ സങ്കീർണതയും മറ്റും ചൂണ്ടിക്കാട്ടിയാണ് എസ്ബിഐ സാവകാശം തേടിയത്. വിവരങ്ങൾ നൽകാൻ ജൂൺ 30 വരെ സാവകാശം അനുവദിക്കണമെന്നാണ് എസ്ബിഐ ആവശ്യപ്പെട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പു കഴിയുംവരെ വിവരങ്ങൾ പുറത്തുവരുന്നതു തടയാൻ കേന്ദ്ര സർക്കാർ എസ്ബിഐയെ ഉപയോഗിക്കുകയാണെന്ന വിമർശനങ്ങൾക്ക് ഇത് ഇടയാക്കിയിരുന്നു.