ADVERTISEMENT

ന്യൂഡൽഹി∙ വായ്പാ പരിധിയിൽ കേരളത്തിന് ആശ്വാസം. പ്രത്യേക പരിഗണന നൽകാൻ കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. കേരളത്തിന് ഒറ്റത്തവണ സാമ്പത്തികരക്ഷാ പാക്കേജ് പരിഗണിക്കണം. പ്രത്യേക സാഹചര്യത്തിൽ ഇളവുനൽകുന്നതിൽ എന്താണ് തെറ്റെന്നും സുപ്രീംകോടതി ചോദിച്ചു. തീരുമാനം നാളെ അറിയിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. 5000 കോടി ഏപ്രിൽ ഒന്നിനു നൽകാമെന്നു കേന്ദ്രം അറിയിച്ചു.

കേരളത്തിന് ഇപ്പോഴാണ് സാമ്പത്തിക സഹായം ലഭിക്കേണ്ടതെന്നു അടുത്ത പത്തു ദിവസത്തിനുള്ളിൽ എന്തു ചെയ്യാൻ കഴിയുമെന്നും കോടതി കേന്ദ്രസർക്കാരിനോടു ചോദിച്ചു. കേരളത്തിന് എത്ര തുക നൽകാൻ കഴിയുമെന്ന് ആലോചിച്ച് നാളെ കോടതിയെ അറിയിക്കാനും കോടതി ആവശ്യപ്പെട്ടു.  മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് വിഷയം സുപ്രീംകോടതിയിൽ ഉന്നയിച്ചത്. ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാൻ കേരളത്തിന് കൂടുതൽ  ധനസഹായം ലഭിച്ചേ മതിയാകൂ എന്നാണ് കപിൽ സിബൽ കോടതിയെ അറിയിച്ചത്. നേരത്തേ 13,600 കോടി രൂപ സഹായം നൽകാമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. അതിൽ 8000 കോടി രൂപ ഇതിനോടകം തന്നെ നൽകിയതായി കേന്ദ്രം അറിയിച്ചു. 4500 കോടി രൂപ ഊർജ മന്ത്രാലയം കൂടി നൽകേണ്ടതുണ്ടെന്നാണ് അറ്റോർണി ജനറൽ കോടതിയെ അറിയിച്ചത്.

കടമെടുപ്പിനുമേൽ ഏർപ്പെടുത്തിയ നിയന്ത്രണം നീക്കണമെന്നാണു ഹർജിയിലെ മുഖ്യ ആവശ്യം. ഫെഡറൽ സംവിധാനത്തെ തകർക്കുന്ന കേന്ദ്ര ഇടപെടലുകൾ അവസാനിപ്പിക്കുകയും വേണം. ഈ ആവശ്യവുമായി കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച ആദ്യ സംസ്ഥാനമാണു കേരളം. ഇതു കേന്ദ്രത്തെ ചൊടിപ്പിച്ചു. കേസ് പിൻവലിക്കാതെ അർഹമായ സഹായം പോലും നൽകില്ലെന്ന നിലപാട് കേന്ദ്രം കൈക്കൊണ്ടു. നിയമപ്രകാരം, കേരളത്തിനു 11,731 കോടി രൂപ വായ്പയെടുക്കാം. ഇതു കടമെടുപ്പു പരിധിയിൽ തന്നെ ഉൾപ്പെടുന്നു. നിലവിലെ ഹർജിക്ക് ഈ വായ്പാതുകയുമായി ബന്ധമില്ല. 24,000 കോടി രൂപ വായ്പയെടുക്കാൻ അടിയന്തരമായി അനുവദിക്കണമെന്നതാണ് ഹർജിയിലെ ആവശ്യം. എന്നാൽ, ഹർജി ചൂണ്ടിക്കാട്ടി ഇതു നിഷേധിക്കുകയാണ്.

കേന്ദ്രം പറഞ്ഞത്

ഈ സാമ്പത്തിക വർഷം 32,432 കോടി രൂപയാണ് കേരളത്തിന് കടമെടുക്കാൻ കഴിയുക. സുപ്രീം കോടതിയിൽ ഹർജി നൽകുന്നതിനു മുൻപു തന്നെ 34,230 കോടി രൂപ കടമെടുത്തു കഴിഞ്ഞു. ഊർജ മേഖലയിലെ പരിഷ്കാരങ്ങൾക്കുള്ള വായ്പ കൂടി പരിഗണിച്ചാൽ കേരളത്തിന്റെ വായ്പാപരിധി ഈ വർഷം 48,049 കോടി ആകും.കടമെടുപ്പു പരിധി പ്രകാരമുള്ള 11,731 കോടി രൂപയ്ക്കു പുറമേ, രണ്ടായിരത്തോളം കോടി രൂപ അടക്കം 13,608 കോടി രൂപ ഉടൻ നൽകാം. ഇതിനായി സുപ്രീം കോടതിയിൽ നൽകിയ ഹർജി പിൻവലിക്കണം

English Summary:

Supreme Court Advocates for Kerala: Special Consideration for Loan Limit Relief

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com