‘എന്താണ് സർക്കാരിന്റെ തടസ്സം? പ്രതിയുമായി കൈ കോർക്കുന്നോ?’: തൊണ്ടിമുതൽ കേസിൽ സുപ്രീംകോടതി
Mail This Article
ന്യൂഡൽഹി∙ മുൻ മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസിൽ കേരള സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്ഥാന സർക്കാർ വൈകുന്നതിനെതിരെയാണ് വിമർശനം. സംസ്ഥാന സർക്കാർ പ്രതിയുമായി കൈകോർക്കുകയാണോ എന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് സി.ടി.രവികുമാർ, രാജേഷ് ബിൻഡൽ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ കേസ് പുനരന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതു ചോദ്യം ചെയ്ത് ആന്റണി രാജു സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ചൊവ്വാഴ്ച സുപ്രീം കോടതി ഈ കേസ് പരിഗണിച്ചപ്പോഴാണ് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയത്.
ഇതുവരെയും സംസ്ഥാന സർക്കാർ ഈ കേസിൽ എതിർ സത്യവാങ്മൂലം ഫയൽ ചെയ്യാത്തതാണ് സുപ്രീം കോടതിയെ ചൊടിപ്പിച്ചത്. നിങ്ങൾ കുറ്റാരോപിതനുമായി കൈ കോർക്കുകയാണോ എന്ന് സുപ്രീം കോടതി സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ചെത്തിയ സ്റ്റാൻഡിങ് കൗൺസലിനോടു ചോദിച്ചു. ഇക്കാരണത്താലാണോ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ വൈകുന്നതെന്നും ആരാഞ്ഞു.
എന്താണ് സംസ്ഥാന സർക്കാരിനു മുന്നിലുള്ള തടസ്സമെന്ന് ചോദിച്ച കോടതി, എത്രയും വേഗം എതിർ സത്യവാങ്മൂലം സമർപ്പിക്കാനും നിർദ്ദേശിച്ചു. ഇത് വളരെ പ്രധാനപ്പെട്ട കേസാണെന്നും, ജനങ്ങൾക്ക് ഇത്തരം സംവിധാനങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടാൻ ഇതുപോലുള്ള നടപടികൾ കാരണമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
1990 ഏപ്രിൽ 4നു തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരിമരുന്നു കേസിൽ പിടിയിലായ ഓസ്ട്രേലിയൻ പൗരനെ ശിക്ഷയിൽനിന്നു രക്ഷപ്പെടുത്താൻ, തൊണ്ടിയായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്നായിരുന്നു കേസ്. കേസിൽ ആന്റണി രാജു, കോടതി ജീവനക്കാരനായ ജോസ് എന്നിവരായിരുന്നു ഒന്നും രണ്ടും പ്രതികൾ.