പൗരത്വത്തെ മതപരമാക്കുന്നതിനെ ശക്തമായി എതിർക്കുന്നു: സിഎഎയെ വിമർശിച്ച് പിബി
Mail This Article
ന്യൂഡൽഹി ∙ പൗരത്വ നിയമ വ്യവസ്ഥകൾ (സിഎഎ) നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തതിനെ രൂക്ഷമായി വിമർശിച്ച് സിപിഎം പൊളിറ്റ്‌ബ്യൂറോ (പിബി). പൗരത്വ ഭേദഗതി നിയമം പൗരത്വത്തെ മതപരമാക്കുന്നതാണെന്നും ശക്തമായി എതിർക്കുന്നുവെന്നും പിബി അഭിപ്രായപ്പെട്ടു.
Read Also: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം: കേരളത്തില്‍ കേസെടുത്തത് 7,913 പേര്‍ക്കെതിരെ...
‘‘പൗരത്വത്തെ സിഎഎ മതപരമാക്കുന്നു. പൗരത്വം നൽകുന്നതിലെ മതേതര മൂല്യങ്ങളുടെ ലംഘനമാണിത്. അയല്‍ രാജ്യങ്ങളിലെ മുസ്‌ലിം വിഭാഗത്തോടു വിവേചനപരമായാണു ചട്ടങ്ങള്‍ ഉണ്ടാക്കിയത്. പൗരത്വ റജിസ്റ്ററുമായി (എൻആർസി) ബന്ധപ്പെട്ടതാണു സിഎഎ. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപു വിജ്ഞാപനം ഇറക്കിയതു ധ്രുവീകരണ രാഷ്ട്രീയമാണ്. പൗരത്വ നടപടികളില്‍നിന്ന് സംസ്ഥാന സർക്കാരുകള്‍ ഒഴിവാക്കപ്പെട്ടു.’’– വാര്‍ത്താക്കുറിപ്പിൽ പിബി ചൂണ്ടിക്കാട്ടി.
തിങ്കളാഴ്ചയാണു സിഎഎ ചട്ടം പ്രാബല്യത്തിൽ വന്നത്. കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിലെ മുഖ്യപ്രചാരണ വിഷയമായി സിഎഎ മാറുകയാണ്. സിഎഎ നടപ്പാക്കില്ലെന്നുള്ള ഉറച്ച നിലപാടിലാണു സിപിഎമ്മും സംസ്ഥാന സര്‍ക്കാരും. സിഎഎയ്ക്കെതിരായ സമരങ്ങളിലെ കേസുകള്‍ പിന്‍വലിക്കാത്തത് എല്‍ഡിഎഫിനെതിരെ യുഡിഎഫും ആയുധമാക്കുന്നു.