അനധികൃതമായി ഇന്ത്യയിലെത്തുന്ന വിദേശികളെ പാർപ്പിക്കുന്ന കൊല്ലത്തെ ട്രാൻസിറ്റ് ഹോമിൽ 29 പേർ; കൂടുതലും ബംഗ്ലദേശുകാർ
Mail This Article
തിരുവനന്തപുരം∙ വിദേശരാജ്യങ്ങളിൽനിന്ന് അനധികൃതമായി ഇന്ത്യയിൽ പ്രവേശിക്കുന്നവരെയും കേസുകളിൽ പ്രതികളാകുന്നവരെയും താമസിപ്പിക്കുന്ന കൊല്ലത്തെ ട്രാൻസിറ്റ് ഹോമിൽ കഴിയുന്നത് 29 പേർ. വിചാരണ നേരിടുന്നവരാണ് കൂടുതലും. ശിക്ഷ കഴിഞ്ഞ് രാജ്യത്തേക്ക് മടങ്ങാൻ എംബസിയിൽനിന്ന് രേഖകൾ ശരിയാകാൻ കാത്തിരിക്കുന്നവരും കൂട്ടത്തിലുണ്ട്. ബംഗ്ലദേശിൽ നിന്നാണ് കൂടുതൽ പേർ. 3 ശ്രീലങ്കൻ വനിതകളെ പത്തനാപുരത്തുള്ള സ്ഥാപനത്തിൽ പാർപ്പിച്ചിരിക്കുകയാണ്. കുട്ടികളും ഇവിടെയാണുള്ളത്. 2022ൽ ഹൈക്കോടതി നിർദേശപ്രകാരം സ്ഥാപനം ആരംഭിച്ചതിനുശേഷം 5 പേരെ സ്വന്തം നാട്ടിലേക്ക് അയച്ചു.
Read also: ഡൽഹി യൂണിവേഴ്സിറ്റിയിൽ സിഎഎ വിരുദ്ധ പ്രതിഷേധം: പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് പൊലീസ്
സംസ്ഥാനത്തെ ആദ്യ ട്രാൻസിറ്റ് ഹോം കൊല്ലം ജില്ലയിലെ കൊട്ടിയത്ത് 2022 നവംബർ 24നാണ് തുറന്നത്. തൃശൂരിൽ പൊലീസിന്റെ നേതൃത്വത്തിലുള്ള കേന്ദ്രത്തിന്റെ പ്രവർത്തനം അവസാനിപ്പിച്ചാണ് കൊല്ലത്ത് വാടക കെട്ടിടത്തിൽ കേന്ദ്രം ആരംഭിച്ചത്. മയക്കുമരുന്നു കേസിലെ പ്രതികൾ, വ്യാജ പാസ്പോർട്ട് നിർമിച്ച് ഇന്ത്യയിലെത്തിയവർ, വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച് പിടിയിലായ ശ്രീലങ്കക്കാർ, ബംഗ്ലദേശിൽനിന്നുള്ള ബുദ്ധമതക്കാർ തുടങ്ങിയവർ കൂട്ടത്തിലുണ്ടെന്ന് അധികൃതർ പറഞ്ഞു.
ട്രാൻസിറ്റ് കേന്ദ്രത്തിലുള്ള വിവിധ രാജ്യക്കാർ: നൈജീരിയ–5, എൽസാൽവദോർ–1, ശ്രീലങ്ക–11, ബംഗ്ലദേശ്–9, അഫ്ഗാനിസ്ഥാൻ– 1, മാലദ്വീപ്–1, വെനസ്വേല–1. ഇതിൽ നെജീരിയ, എൽസാവദോർ രാജ്യക്കാർ മയക്കുമരുന്നു കേസിലെ പ്രതികളാണ്. ബംഗ്ലദേശ് സ്വദേശികൾ മിക്കവരും വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് രാജ്യത്തേക്കു കടന്നവരും. ശ്രീലങ്കക്കാർ കാനഡയിലേക്കു കടക്കാൻ കേരളതീരത്തെത്തിയവരാണ്. പത്തനാപുരത്തെ സ്വകാര്യ അഭയ കേന്ദ്രത്തിൽ താമസിക്കുന്ന ശ്രീലങ്കൻ വനിതകളും കാനഡയിലേക്ക് പോകാൻ കേരളത്തിലെത്തിയവരാണ്. കേസുകൾ തീർന്നവരുടെ വിവരങ്ങൾ അതതു രാജ്യങ്ങളുടെ എംബസിയെ അറിയിക്കും. ഇന്ത്യയിലെ വിവിധ അന്വേഷണ ഏജൻസികളുടെയും എംബസികളുടെയും അനുമതി ലഭിച്ചാൽ സ്വന്തം രാജ്യത്തേക്കു വിടും.
ഹോം മാനേജർ, സെക്യൂരിറ്റി ചീഫ്, 3 പൊലീസുകാർ, കെയർ ടേക്കർ, രണ്ട് ഗേറ്റ് കീപ്പർ, ക്ലീനിങ് സ്റ്റാഫ്, വാച്ച്മാൻ എന്നീ തസ്തികളാണ് കേന്ദ്രത്തിലുള്ളത്. ഹോം മാനേജരുടെ ചാർജ് പ്രൊബേഷൻ ഓഫിസർക്കാണ്. നിലവിലെ പൗരത്വ നിയമഭേദഗതിയുമായി കേന്ദ്രത്തിനു ബന്ധമില്ലെന്നും ഹൈക്കോടതി നിർദേശപ്രകാരമാണ് കേന്ദ്രം ആരംഭിച്ചതെന്നും അധികൃതർ വ്യക്തമാക്കി. നൈജീരിയൻ പൗരൻമാർ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കേന്ദ്രം ആരംഭിച്ചത്. കേന്ദ്രത്തിന് സ്വന്തമായി കെട്ടിടം നിർമിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ പറഞ്ഞു. ജയിൽ വകുപ്പിന്റെ സ്ഥലത്ത് ഫ്ലാറ്റ് സമുച്ചയം നിർമിക്കാനാണ് ആലോചന.