വയനാട്ടിൽ ചൊവ്വാഴ്ച കൂട്ടിലായത് പെണ്‍ കടുവ; തൃശൂര്‍ മൃഗശാലയിലേക്ക് മാറ്റിയേക്കും
Mail This Article
കൽപറ്റ ∙ വയനാട് മൈലമ്പാടിയില്‍ ചൊവ്വാഴ്ച രാത്രി കൂട്ടിലായത് ഏഴ് വയസ്സുള്ള പെണ്‍ കടുവ. ഡബ്ല്യുവൈഎസ് 07 എന്ന് വനംവകുപ്പ് അടയാളപ്പെടുത്തിയ കടുവയാണിത്. രാത്രി ഒൻപതരയോടെ കുടുങ്ങിയ കടുവയെ ബത്തേരി കുപ്പാടി പച്ചാടിയിലെ അഭയകേന്ദ്രത്തിലേക്ക് മാറ്റി. ഏതാനും ദിവസങ്ങൾക്കുള്ളിൽ വയനാട്ടിലെ ജനവാസ കേന്ദ്രങ്ങളിൽനിന്ന് പിടികൂടുന്ന മൂന്നാമത്തെ കടുവയാണിത്. കൊളഗപ്പാറ, പുൽപ്പള്ളിക്ക് സമീപം മുള്ളൻകൊല്ലി എന്നിവിടങ്ങളിൽനിന്നാണ് നേരത്തെ കടുവയെ പിടികൂടിയത്.
Read Also: കാഞ്ഞിരവേലിയിൽ ഒറ്റക്കൊമ്പൻ, മൂന്നാറിൽ കട്ടക്കൊമ്പൻ; ഭീതിയോടെ ജനം
കടുവയ്ക്ക് എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളോ പരുക്കുകളോ ഉണ്ടോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. വിശദമായ പരിശോധന നടത്തി ഫോറസ്റ്റ് അസിസ്റ്റന്റ് സര്‍ജന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കടുവയെ തൃശൂര്‍ മൃഗശാലയിലേക്ക് മാറ്റാനാണ് സാധ്യത. ചീഫ് വൈൽഡ്‌ലൈഫ് വാർഡനാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം സ്വീകരിക്കുക. നേരത്തെ പിടിയിലായ കടുവകളെ പുത്തൂർ സുവോളജിക്കൽ പാർക്ക്, തൃശൂര്‍ മൃഗശാല എന്നിവിടങ്ങളിലേക്കാണ് മാറ്റിയത്.
സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലയം റേഞ്ചില്‍ ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലുള്ള മൈലമ്പാടിയില്‍ പാമ്പുംകൊല്ലി കാവുങ്ങല്‍ കുര്യന്റെ കൃഷിയിടത്തില്‍ സ്ഥാപിച്ച കൂട്ടിലാണ് കടുവ അകപ്പെട്ടത്. മൈലമ്പാടിയിലും സമീപപ്രദേശങ്ങളായ പുല്ലുമല, അപ്പാട് എന്നിവിടങ്ങളിലും 10 ദിവസമായി കടുവയുടെ സാന്നിധ്യമുണ്ട്. ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങിയ കടുവ നാല് ആടുകളെ കൊന്നു. നാട്ടുകാർ പ്രതിഷേധിച്ചതോടെയാണ് കൂട് സ്ഥാപിച്ചത്.