കോൺഗ്രസിനു വീണ്ടും തിരിച്ചടി; ദേശീയ സെക്രട്ടറി അജയ് കപൂർ ബിജെപിയിൽ ചേർന്നു
Mail This Article
ലക്നൗ∙ ലോക്സഭാ തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കാനിരിക്കെ കോൺഗ്രസിനു വീണ്ടും തിരിച്ചടി. ഉത്തർപ്രദേശിൽ നിന്നുള്ള കോൺഗ്രസ് നേതാവും എഐസിസി ദേശീയ സെക്രട്ടറിയുമായ അജയ് കപൂർ ബിജെപിയിൽ ചേർന്നു. നിലവിൽ കാൺപുരിൽനിന്നുള്ള മുൻ എംഎൽഎ കൂടിയായ അജയ് കപൂറിനെ ലോക്സഭയിലേക്ക് മത്സരിപ്പിക്കാൻ കോൺഗ്രസ് തയാറാകുന്നതിനിടെയാണ് പാർട്ടി വിട്ടത്. ബിഹാറിന്റെ ചുമതലയും പാർട്ടി ഇദ്ദേഹത്തിന് നൽകിയിരുന്നു. കോൺഗ്രസ് സസ്പെൻഡു ചെയ്ത പട്യാല എംപി പ്രണീത് കൗറും നാളെ ബിജെപിയിൽ ചേർന്നേക്കും. പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ ഭാര്യയാണ്.
Read Also: സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണം; ‘മഹിളാ ന്യായ്’ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി
56കാരനായ അജയ് കപൂറിന് കാൺപൂര്‍ മേഖലയിൽ വലിയ സ്വാധീനമാണുള്ളത്. 2002 മുതൽ 2017 വരെ മൂന്നു ടേമുകളിൽ എംഎൽഎ ആയിരുന്നു. ഗോവിന്ദ് നഗർ, കിദ്വായ് നഗർ മണ്ഡലങ്ങളെയാണ് അജയ് കപൂര്‍ പ്രതിനിധീകരിച്ചത്. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇത്തവണ കാൺപുരിൽനിന്ന് ബിജെപി സ്ഥാനാർഥിയാക്കിയേക്കും എന്നാണ് വിവരം.