വിഷം ഉള്ളിൽച്ചെന്ന യുവാവുമായി ആംബുലൻസിൽ പോകവേ ലോറിയിൽ ഇടിച്ചു; രോഗിക്കും നഴ്സിനും പരുക്ക്
Mail This Article
നീലേശ്വരം∙ വിഷം ഉള്ളിൽച്ചെന്നു ഗുരുതര നിലയിലായ യുവാവിനെയും കൊണ്ട് പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജിലേക്കു പോകുകയായിരുന്ന 108 ആംബുലൻസ് ദേശീയപാതയിലെ പടന്നക്കാട് മേൽപ്പാലത്തിനു സമീപം അപകടത്തിൽ പെട്ടു. ആംബുലൻസിൽ അവശനിലയിലുണ്ടായിരുന്ന യുവാവിനും കൂടെയുണ്ടായിരുന്ന സ്റ്റാഫ് നഴ്സിനും അപകടത്തിൽ സാരമായി പരുക്കേറ്റു.
Read also: കടപ്പത്ര വിവരങ്ങൾ പരിശോധിക്കാൻ പ്രത്യേക സമിതി; എസ്ബിഐ നൽകിയത് ഡിജിറ്റല്‍ രൂപത്തിൽ...
ഇന്നലെ വൈകിട്ട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്നു പുറപ്പെട്ട വാഹനമാണ് പടന്നക്കാട് മേൽപ്പാലത്തിലേക്കു കയറവെ കൃഷ്ണപിള്ള നഗർ ബസ് സ്റ്റോപ്പിനു സമീപം ചരക്കുലോറിയുമായി കൂട്ടിയിടിച്ചത്. വിഷം ഉള്ളിൽ ചെന്ന യുവാവ് തുടർച്ചയായി ഛർദിച്ചിരുന്നതിനാൽ സ്ട്രച്ചറിന്റെ ബെൽറ്റ് ഇട്ടിരുന്നില്ല. ഇതിനാൽ ഇടിയുടെ ആഘാതത്തിൽ സ്ട്രച്ചറിനു സമീപത്തെ സീറ്റിന്റെ കമ്പിയിൽ തല ശക്തിയായി ഇടിച്ചു. സ്റ്റാഫ് നഴ്സിനു പല്ല് കമ്പിയിലിടിച്ചാണ് പരുക്ക്.
ആംബുലൻസ് ഡ്രൈവർക്കും ആംബുലൻസിൽ ഉണ്ടായിരുന്ന മറ്റു രണ്ടു പേർക്കും പരുക്കില്ല. മറ്റൊരു 108 ആംബുലൻസ് വന്ന ശേഷം ഇവരെ വീണ്ടും ജില്ലാ ആശുപത്രിയിലേക്കു തന്നെ കൊണ്ടുപോയി പ്രഥമശുശ്രൂഷ നൽകി യുവാവിന്റെ തലയിലെ മുറിവ് തുന്നിക്കെട്ടി വീണ്ടും പരിയാരത്തേക്കു കൊണ്ടുപോകുകയായിരുന്നു.