അഹമ്മദ്നഗർ ഇനി മുതൽ അഹല്യനഗർ; മഹാരാഷ്ട്രയിൽ എട്ടു റെയിൽവേ സ്റ്റേഷനുകളുടെ പേരുകൾക്കും മാറ്റം
Mail This Article
മുംബൈ∙ മഹാരാഷ്ട്രയിൽ വീണ്ടും സ്ഥലപ്പേരുകൾ മാറ്റി സംസ്ഥാന സർക്കാർ. അഹമ്മദ്നഗർ ജില്ലയെ അഹല്യനഗറാക്കാനുള്ള തീരുമാനത്തിന് മഹാരാഷ്ട്ര മന്ത്രിസഭ അംഗീകാരം നൽകി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയാണ് ഇക്കാര്യം എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചത്. പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മറാത്ത രാജ്ഞി അഹല്യഭായ് ഹോൽക്കറിന്റെ സ്മരണാർഥമാണ് പുതിയ നാമം.
Read also: മുഖ്താർ അൻസാരിക്ക് ജീവപര്യന്തം തടവ് വിധിച്ച് വാരാണസി കോടതി; ശിക്ഷ 36 വർഷം മുൻപത്തെ കേസിൽ
കഴിഞ്ഞ വർഷം മേയിൽ അഹല്യഭായ് ഹോൽക്കറിന്റെ 298–ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് അഹമ്മദ്നഗറിനെ അഹല്യനഗറാക്കാനുള്ള തീരുമാനം ഏക്നാഥ് ഷിൻഡെ ആദ്യമായി പുറത്തുവിടുന്നത്. പ്രസ്തുത പരിപാടിയിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും പങ്കെടുത്തിരുന്നു.
നേരത്തെ ഔറംഗാബാദിന്റെ പേര് ഛത്രപതി സാംബാജി നഗറെന്നും ഒസ്മാനബാദിന്റെ പേര് ധാരാശിവ് എന്നും മഹാരാഷ്ട്ര സർക്കാർ പുനർനാമകരണം ചെയ്തിരുന്നു. ബ്രിട്ടിഷുകാർ ഇട്ട എട്ടു റെയിൽവേ സ്റ്റേഷനുകളുടെ പേരു മാറ്റാനും മന്ത്രിസഭ തീരുമാനിച്ചു.