സ്ഥാനാർഥി നിർണയത്തെ ചൊല്ലി തർക്കം; സഹോദരനുമായുള്ള ബന്ധം അവസാനിപ്പിച്ച് മമത ബാനർജി
Mail This Article
കൊൽക്കത്ത∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയ തർക്കങ്ങളുടെ പശ്ചാത്തലത്തിൽ സഹോദരനുമായുള്ള ബന്ധം അവസാനിപ്പിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. താനും കുടുംബവും സഹോദരൻ ബബുൻ ബാനർജിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നതായി മമത അറിയിച്ചു.
Read More: കോൺഗ്രസിനു വീണ്ടും തിരിച്ചടി; ദേശീയ സെക്രട്ടറി അജയ് കപൂർ ബിജെപിയിൽ ചേർന്നു
ഹൗറ ലോക്സഭാ സീറ്റിൽ സിറ്റിങ് എംപി പ്രസുൻ ബാനർജിയെ മത്സരിപ്പിക്കുന്നതിലുള്ള അസന്തുഷ്ടി ബബുൻ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ഹൗറ ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയം ശരിയായ തിരഞ്ഞെടുപ്പായിരുന്നില്ലെന്നും കഴിവുള്ള നിരവധി സ്ഥാനാർഥികൾ അവഗണിക്കപ്പെട്ടെന്നും ബബുൻ ആരോപിച്ചിരുന്നു. മമത ചിലപ്പോൾ താൻ പറയുന്നത് അംഗീകരിക്കില്ലെന്ന് പറഞ്ഞ ബബുൻ വേണ്ടിവന്നാൽ ഹൗറയിൽ സ്വതന്ത്രനായി മത്സരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതാണ് മമതയെ ചൊടിപ്പിച്ചത്.
‘‘എല്ലാ തിരഞ്ഞെടുപ്പിന് മുൻപും ബബുൻ പ്രശ്നങ്ങൾ ഉണ്ടാക്കും. എനിക്ക് അത്യാഗ്രഹമുള്ള ആളുകളെ ഇഷ്ടമല്ല. ഏകാധിപത്യ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നുമില്ല. അതുകൊണ്ട് ഞാൻ അവന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള ടിക്കറ്റ് നൽകില്ല. അദ്ദേഹവുമായുള്ള എല്ലാ ബന്ധവും മുറിച്ചുമാറ്റാൻ ഞാൻ തീരുമാനിച്ചു.’’ മമത പറഞ്ഞു. ബബുൻ ബിജെപിയിൽ ചേർന്നേക്കും എന്ന അഭ്യൂഹത്തിനിടയിലാണ് സഹോദരനെ തള്ളിപ്പറഞ്ഞ് മമത രംഗത്തെത്തിയിരിക്കുന്നത്. ബബുന് ആഗ്രഹിക്കുന്നത് ചെയ്യാമെന്നും പാർട്ടി ഔദ്യോഗിക സ്ഥാനാർഥിയായ പ്രസുൻ ബാനർജിക്ക് ഒപ്പമാണെന്നും അവർ പറഞ്ഞു.
എന്നാൽ ഈ അഭ്യൂഹങ്ങളെ ബബുൻ തള്ളി. ‘‘മമതാദീദി ഉള്ളിടത്തോളം കാലം ഞാൻ പാർട്ടി വിടുകയോ മറ്റേതെങ്കിലും പാർട്ടിയിൽ ചേരുകയോ ഇല്ല. എനിക്ക് നിരവധി ബിജെപി നേതാക്കളെ അറിയുകയും ചെയ്യാം.’’ ബബുൻ പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്ന സ്ഥാനാർഥികളുടെ പട്ടിക തൃണമൂൽ ഈ ആഴ്ച പുറത്തുവിട്ടിരുന്നു. ചോദ്യത്തിന് കോഴ ആരോപണത്തിൽ പാർലമെന്റിൽ നിന്ന് പുറത്താക്കിയ മഹുവ മൊയ്ത്രയെ കൃഷ്ണനഗറിൽ നിന്ന് വീണ്ടും നാമനിർദേശം ചെയ്തിട്ടുണ്ട്. മമതയുടെ അനന്തരവൻ അഭിഷേകും മത്സരരംഗത്തുണ്ട്.