മുഖ്താർ അൻസാരിക്ക് ജീവപര്യന്തം തടവ് വിധിച്ച് വാരാണസി കോടതി; ശിക്ഷ 36 വർഷം മുൻപത്തെ കേസിൽ
Mail This Article
വാരാണസി∙ ഗുണ്ടാത്തലവനും ബഹുജൻ സമാജ്‌വാദി പാർട്ടി മുൻ എംപിയും എംഎൽഎയുമായിരുന്ന മുഖ്താർ അൻസാരിയെ ജീവപര്യന്തം തടവിനു ശിക്ഷിച്ച് വാരാണസിയിലെ പ്രത്യേക എംപി/എംഎൽഎ കോടതി. 36 വർഷം മുൻപത്തെ വ്യാജ ആയുധ ലൈസൻസ് കേസിലാണ് അൻസാരി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. വ്യാജരേഖ ചമയ്ക്കൽ, വഞ്ചന, ക്രിമിനൽ ഗൂഢാലോചന, ആയുധ നിയമം ലംഘിച്ച് ലൈസൻസ് കരസ്ഥമാക്കൻ തുടങ്ങിയ കുറ്റങ്ങളാണ് അൻസാരിക്കു നേരെ ചുമത്തിയിരിക്കുന്നത്.
Read More: യുപിയിൽ വീണ്ടും ക്രിമിനൽ വേട്ട; ലക്ഷ്യം മുഖ്താർ അൻസാരി
1987ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. 1987 ജൂൺ പത്തിന് ഡബിൾ ബാരൽ തോക്കിന് ലൈസൻസ് നേടുന്നതിനായി ഇയാൾ ഗാസിപുർ ജില്ലാ മജിസ്ട്രേറ്റിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ പിന്നീട് ജില്ലാ മജിസ്ട്രേറ്റിന്റെയും പൊലീസ് സൂപ്രണ്ടിന്റെയും വ്യാജ ഒപ്പിട്ട് ആയുധ ലൈസൻസ് കരസ്ഥമാക്കി. 1990ലാണ് തട്ടിപ്പ് പുറത്തായതോടെ മുഖ്താർ അൻസാരി ഉൾപ്പടെ അഞ്ചു പേർക്കെതിരേ ഗാസിപുരിലെ ഒരു പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. പിന്നീട് സിബിഐക്ക് കേസ് കൈമാറി.
മുഖ്താർ നിലവിൽ ബാന്ത ജയിലിലാണ്. ഇയാൾക്കെതിരേ 61 ക്രിമിനൽ കേസുകളാണ് ഉള്ളത്. ഇതിൽ എട്ടാമത്തെ കേസിലാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുന്നത്. തട്ടിക്കൊണ്ടുപോകൽ കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് ഇയാളെ വാരാണസിയിലെ എംപി എംഎൽഎ കോടതി അഞ്ചര വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.