ADVERTISEMENT

ന്യൂഡൽഹി∙ രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകിയതോടെ ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയ ഏകവ്യക്തി നിയമത്തിന് അംഗീകാരമായി. ഇതോടെ സ്വതന്ത്ര ഇന്ത്യയിൽ ഏക വ്യക്തി നിയമം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാമായി ഉത്തരാഖണ്ഡ് മാറി. പുതിയ നിയമം സംബന്ധിച്ച വിജ്ഞാപനം സർക്കാർ ഉടൻ തന്നെ പുറത്തിറക്കും. 

Read also: മനോഹർ ലാൽ ഖട്ടർ എംഎൽഎ സ്ഥാനം രാജിവച്ചു; ലോക്സഭയിലേക്ക് മത്സരിച്ചേക്കും

 ഫെബ്രുവരി ആറിനാണ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി നിയമസഭയിൽ ബിൽ അവതരിപ്പിച്ചത്. 2 ദിവസത്തെ ചർച്ചയ്‌ക്കൊടുവിൽ ശബ്ദവോട്ടോടെ നിയമം അംഗീകരിച്ചു. ഫെബ്രുവരി 28ന് ഗവർണർ ബില്ലിൽ ഒപ്പുവച്ചു. തുടർന്നാണ് രാഷ്ട്രപതിക്ക് അയച്ചത്. 

എന്താണ് ഏക വ്യക്തിനിയമം, വ്യവസ്ഥകൾ?

വിവാഹം, വിവാഹമോചനം, പിന്തുടർച്ച, ഭൂസ്വത്ത് തുടങ്ങിയ വിഷയങ്ങളിലെ മാനദണ്ഡങ്ങളെല്ലാം ഏകീകരിക്കുന്നതാണ് ഏക വ്യക്തി നിയമം (യുസിസി). ബഹുഭാര്യത്വം നിരോധിക്കുന്ന വ്യവസ്ഥകൾ ഉൾപ്പെടുന്ന നിയമത്തിൽ പുരുഷന്മാർക്ക് 21 വയസ്സും സ്ത്രീകൾക്കു 18 വയസ്സുമാണു കുറഞ്ഞ വിവാഹപ്രായം. വിവാഹമോചനത്തിൽ തുല്യഅവകാശം വ്യവസ്ഥ ചെയ്യുന്നു. സ്ത്രീയുടെ പുനർവിവാഹത്തിന് ഏതെങ്കിലും തരത്തിലുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തുന്നതും വിലക്കുന്നു. ഇതു ലംഘിച്ചാൽ 3 വർഷം വരെ തടവോ ഒരു ലക്ഷം രൂപ വരെ പിഴയോ ഇതു രണ്ടുമോ ലഭിക്കാം. ദമ്പതികളിലൊരാൾ പങ്കാളിയുടെ അനുവാദമില്ലാതെ മതം മാറിയാൽ വിവാഹമോചനം ഉൾപ്പെടെയുള്ള നടപടികളും സ്വീകരിക്കാം.

വിവാഹമോചന സാഹചര്യത്തിലും ഭാര്യയും ഭർത്താവും തമ്മിൽ തർക്കമുണ്ടാകുന്ന അവസ്ഥയിലും 5 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സംരക്ഷണം അമ്മയ്ക്കായിരിക്കും. വിവാഹം, വിവാഹമോചനം, പിന്തുടർച്ച, ലിവ് ഇൻ ബന്ധം, മറ്റ് കാര്യങ്ങൾ എന്നിങ്ങനെ നാലായി തിരിച്ചാണു നിയമം തയാറാക്കിയിരിക്കുന്നത്. അതേസമയം വ്യക്തിനിയമങ്ങൾ പട്ടികവർഗവിഭാഗത്തിനു ബാധകമല്ല.പുരുഷന്റെ മരണശേഷം ഭാര്യയ്ക്കും മക്കൾക്കും സ്വത്തിൽ തുല്യഅവകാശം നിർദേശിക്കുന്നു. പുരുഷന്റെ മാതാപിതാക്കൾക്കും തുല്യ അവകാശമാണ്. 

മുൻപു അമ്മയ്ക്കു മാത്രമായിരുന്നു സ്വത്തവകാശം. ഗർഭസ്ഥശിശുവിനും ഭൂസ്വത്തിൽ അവകാശം വ്യവസ്ഥ ചെയ്യുന്നു.‘ലിവ് ഇൻ’ബന്ധത്തിലുള്ള ഉത്തരാഖണ്ഡുകാർ മറ്റു സംസ്ഥാനങ്ങളിലാണു താമസിക്കുന്നതെങ്കിലും റജിസ്ട്രേഷൻ നിർബന്ധമാണ്. ബന്ധത്തിൽനിന്നു പുരുഷൻ പിന്മാറിയാൽ സ്ത്രീക്കു ജീവനാംശത്തിനു അർഹതയുണ്ട്. കുട്ടികളുണ്ടായാൽ അവകാശിയായിരിക്കും. ഒരു മാസത്തിനകം റജിസ്റ്റർ ചെയ്തില്ലെങ്കിൽ ഒരുമാസം വരെ തടവോ 10,000 രൂപ പിഴയോ ശിക്ഷ ലഭിക്കാം. എൽജിബിടിക്യു പങ്കാളികളെ തടവുശിക്ഷയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

English Summary:

Uttarakhand Uniform Civil Code now a law after President Murmu's approval

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com