ജയമോഹൻ ലക്ഷണമൊത്ത ഫാഷിസ്റ്റ്; മഞ്ഞുമ്മൽ ബോയ്സ് വിഷയത്തിൽ വിശദീകരണം തേടില്ലെന്ന് ബി. ഉണ്ണികൃഷ്ണൻ
Mail This Article
കൊച്ചി∙ മഞ്ഞുമ്മൽ ബോയ്സിനെതിരായ പരാമർശത്തില്‍ എഴുത്തുകാരൻ ജയമോഹനെ വീണ്ടും വിമർശിച്ച് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ജയമോഹനു പശ്ചാത്താപമുണ്ടാകാത്തതിൽ അത്ഭുതമില്ല. പശ്ചാത്താപമുണ്ടായാൽ നന്മയുണ്ടെന്നാണ് അർഥമെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. ജയമോഹൻ ഫെഫ്ക റൈറ്റേഴ്സ് യൂണിയന്‍ അംഗമാണെങ്കിലും സാമൂഹിക വിഷയവുമായി ബന്ധപ്പെട്ട ജയമോഹന്റെ നിലപാടുകളിൽ വിശദീകരണം ചോദിക്കേണ്ട ആവശ്യമില്ല. വിശദീകരണം ചോദിച്ച പത്രത്തോട് നിലപാടിൽ ഉറച്ചുനിൽക്കുന്നതായി ജയമോഹൻ പറഞ്ഞു എന്നും ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
‘‘ജയമോഹന്റെ കലയുമായി ബന്ധപ്പെട്ടതും സാമൂഹിക ജീവിതവുമായി ബന്ധപ്പെട്ട നിലപാടാണത്. അതിൽ ഒരു ട്രേഡ് യൂണിയൻ വിശദീകരണം ചോദിക്കേണ്ടതില്ല. ജയമോഹൻ ലക്ഷണമൊത്ത ഒരു ഫാഷിസ്റ്റാണ്. അതുകൊണ്ടാണ് മഞ്ഞുമ്മൽ ബോയ്സ് പോലൊരു സിനിമയെ ആക്ഷേപിക്കുന്ന തരത്തിൽ ഇത്തരമൊരു പരാമർശം നടത്തിയത്.’’– ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.