സുഖ്ബിർ സന്ധുവും ഗ്യാനേഷ് കുമാറും പുതിയ തിരഞ്ഞെടുപ്പ് കമ്മിഷണർമാർ; നിയമനം അംഗീകരിച്ച് രാഷ്ട്രപതി
Mail This Article
ന്യൂഡൽഹി ∙ വിരമിച്ച മുൻ ഐഎഎസ് ഉദ്യോഗസ്ഥരായ സുഖ്ബിർ സിങ് സന്ധുവും ഗ്യാനേഷ് കുമാറും പുതിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർമാർ. ഇതു സംബന്ധിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു ഉത്തരവ് പുറപ്പെടുവിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സമിതിയാണ് ഇവരുടെ പേര് നിര്‍ദേശിച്ചത്. നിയമനം രാഷ്ട്രപതി അംഗീകരിച്ചതോടെ നിയമമന്ത്രാലയമാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. കമ്മിഷനിലെ രണ്ട് ഒഴിവുകളിലേക്കാണു ഇവരെ നിർദേശിച്ചത്. കേരള കേഡർ സിവിൽ സർവീസ് ഉദ്യോഗസ്ഥാണു ഗ്യാനേഷ് കുമാർ. സുഖ്ബിർ സിങ് സന്ധു ഉത്തരാഖണ്ഡ് മുൻ ചീഫ് സെക്രട്ടറിയാണ്. ഇരുവരുടെയും നിയമനം പ്രാബല്യത്തിൽ വന്നതോടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ കളമൊരുങ്ങും.
Read Also: ‘വിശ്വാസത്തെ ചോദ്യം ചെയ്യില്ല; സുരേഷ് ഗോപിയുടെ കിരീട സമര്‍പ്പണത്തെ രാഷ്ട്രീയമായി കാണുന്നില്ല’
കമ്മിഷണർമാരായി ഇവരെ തിരഞ്ഞെടുത്ത വിവരം ലോക്സഭയിൽ കോൺഗ്രസിന്റെ ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി മാധ്യമങ്ങളെ അറിയിച്ചിരുന്നു. തീരുമാനത്തിൽ പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തി. കമ്മിഷണർ സ്ഥാനത്തേക്കു പരിഗണിക്കുന്നവരുടെ ചുരുക്കപ്പട്ടിക നൽകിയില്ലെന്നും കേന്ദ്ര നിയമമന്ത്രിയോട് ആവശ്യപ്പെട്ടു കത്ത് നൽകിയിരുന്നതായും അധിർ രഞ്ജൻ ചൗധരി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ നിയമന സമിതിയിൽ അധിറും അംഗമായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായായിരുന്നു സമിയിലെ മറ്റൊരംഗം.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയക്രമം പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, തിരഞ്ഞെടുപ്പു കമ്മിഷണർ അരുൺ ഗോയൽ കഴിഞ്ഞദിവസം രാജിവച്ചിരുന്നു. ഇതോടെ മൂന്നംഗ കമ്മിഷനിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ മാത്രമാണു ശേഷിച്ചിരുന്നത്. മറ്റൊരു കമ്മിഷണർ അനൂപ് ചന്ദ്ര പാണ്ഡെ കഴിഞ്ഞമാസം വിരമിച്ചിരുന്നു. ഈ ഒഴിവുകളാണ് ഇപ്പോൾ നികത്തിയത്.
തിരഞ്ഞെടുപ്പു കമ്മിഷണർമാരെ നിയമിക്കുന്നതിനുള്ള നിയമം കഴിഞ്ഞ ഡിസംബറിൽ ഭേദഗതി ചെയ്തിരുന്നു. അതനുസരിച്ച് പ്രധാനമന്ത്രി, അദ്ദേഹം നിർദേശിക്കുന്ന കേന്ദ്രമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷനേതാവ് അല്ലെങ്കിൽ ഏറ്റവും വലിയ കക്ഷിയുടെ നേതാവ് എന്നിവരടങ്ങുന്ന സമിതി നിർദേശിക്കുന്ന വ്യക്തിയെയാണ് മുഖ്യ കമ്മിഷണറോ കമ്മിഷണറോ ആയി രാഷ്ട്രപതി നിയമിക്കുക. നിയമമന്ത്രിയും രണ്ടു കേന്ദ്ര സെക്രട്ടറിമാരും അടങ്ങുന്ന സേർച് കമ്മിറ്റിയാണു പ്രധാനമന്ത്രിയുടെ സമിതിക്കു പരിഗണിക്കാൻ പേരുകൾ നൽകുന്നത്.