ADVERTISEMENT

തിരുവനന്തപുരം ∙ പത്മിനി തോമസും തമ്പാനൂർ സതീഷും ഉൾപ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നു. നേതാക്കൾ ബിജെപി തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിലെത്തി. ബി‍ജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ എന്നിവർക്കൊപ്പമാണ് ഇരുവരും പാർട്ടി ഓഫിസിലെത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ പാർട്ടിയിൽനിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നത് കോൺഗ്രസ് ക്യാംപിൽ ആശങ്ക ഉയർത്തുന്നുണ്ട്.

Read Also: ഇ.പിയല്ല, യച്ചൂരി വിളിച്ചാലും പുല്ലുപോലെ തള്ളും; രാജീവ് പഴയ ആർഷോ, ഇന്ന് ഡമ്മി മന്ത്രി: പരിഹസിച്ച് ദീപ്തി

അടുത്തിടെ കോൺഗ്രസിൽ അവഗണന നേരിടുന്നുവെന്ന് കാണിച്ച് തമ്പാനൂർ സതീഷ് പാർട്ടി വിട്ടിരുന്നു. മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ സന്തത സഹചാരിയും ഡിസിസി ജനറൽ സെക്രട്ടറിയുമായിരുന്നു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് സ്പോർട്സ് കൗൺസിൽ പ്രസിഡന്റായിരുന്നു പത്മിനി തോമസ്. പത്മിനി തോമസിന്റെ മകനും ബിജെപിയിൽ അംഗത്വമെടുക്കും. ഇവർക്കു പുറമെ ഡിസിസിയുടെ മുൻ ഭാരവാഹികളും ബിജെപി അംഗത്വം സീകരിക്കും.

സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റായ പത്മിനി തോമസിന് കെ.കരുണാകരൻ, ഉമ്മൻ ചാണ്ടി അടക്കമുള്ള കോൺഗ്രസിന്റെ മുൻ മുഖ്യമന്ത്രിമാരുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. കെപിസിസിയുടെ കായിക വേദിയുടെ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭയിൽ കോൺഗ്രസിന്റെ മേയർ സ്ഥാനാർഥിയായി പത്മിനിയെ പരിഗണിച്ചെങ്കിലും പിന്നീട് സീറ്റ് നിഷേധിക്കുകയായിരുന്നു.

പാർട്ടിയിൽ പുനഃസംഘടന നടന്നപ്പോഴൊക്കെ താൻ തഴയപ്പെട്ടതായി തമ്പാനൂർ സതീഷ് ആരോപിച്ചിരുന്നു. പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന ഒരു പ്രവൃത്തിയും തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. പുതിയ സെക്രട്ടറിമാരുടെ ലിസ്റ്റിലും പേരില്ലാത്തതിൽ അഭിപ്രായ വ്യത്യാസമുണ്ട്. കോണ്‍ഗ്രസ് പ്രവർത്തകർ വെയിലും മഴയും കൊണ്ട് സ്വരൂപിച്ച പാർട്ടി ഫണ്ട് കെപിസിസി പ്രസിഡന്റ് ധൂർത്തടിക്കുകയാണ്. ഫണ്ട് എന്തിനു വിനിയോഗിക്കുന്നു എന്നുപോലും ആർക്കുമറിയില്ലെന്നും സതീഷ് പറഞ്ഞു.

ചില കോൺഗ്രസ് നേതാക്കൾ പാർട്ടിയിൽ ചേരുമെന്ന് കെ.സുരേന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെ വലിയ ചർച്ചകൾ ഉയർന്നിരുന്നു. ഡിസിസി ഭാരവാഹിത്വം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പാർട്ടി നേതാക്കൾ തമ്മിൽ അഭിപ്രായ ഭിന്നതയുള്ളതായാണ് വിവരം. ഇടതു പാർട്ടികളിൽനിന്നും നേതാക്കൾ ബിജെപിയിലെത്തുമെന്നും പാർട്ടി വൃത്തങ്ങള്‍ അവകാശപ്പെട്ടു. 

English Summary:

Congress workers including Thampanoor Satheesh and Padmini Thomas joins BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com