അന്ന് ദീപ്തി ഉമാ തോമസിനെതിരെ വോട്ടു ചെയ്ത് വിവിപാറ്റിന്റെ കോപ്പി അയച്ചു തന്നു; ഇപ്പോഴും കയ്യിലുണ്ട്: നന്ദകുമാർ
Mail This Article
കൊച്ചി∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഉമാ തോമസിന്റെ സ്ഥാനാർഥിത്വത്തിലുള്ള അതൃപ്തി നിമിത്തം കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസാണ് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനെ വന്നു കണ്ടതെന്ന് വിവാദ ദല്ലാൾ ടി.ജി. നന്ദകുമാർ. തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി നിർണയം പൂർത്തിയാക്കി പ്രചാരണം ആരംഭിച്ചതിനു ശേഷമാണ് ദീപ്തി ക്ഷണിച്ചതനുസരിച്ച് അവരുടെ ഫ്ലാറ്റിലെത്തി കൂടിക്കാഴ്ച നടത്തിയതെന്ന് നന്ദകുമാർ വ്യക്തമാക്കി. സിപിഎമ്മിനോടുള്ള താൽപര്യം ബോധ്യപ്പെടുത്താൻ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിനു വോട്ടു ചെയ്ത് വിവിപാറ്റിന്റെ പകർപ്പ് ദീപ്തി മേരി വർഗീസ് അയച്ചുതന്നതായും നന്ദകുമാർ വെളിപ്പെടുത്തി. ഇത് ഇപ്പോഴും തന്റെ കൈവശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഎമ്മിലേക്ക് ക്ഷണിക്കാൻ ഇ.പി. ജയരാജനും നന്ദകുമാറും തന്നെ വന്നു കണ്ടിരുന്നുവെന്ന ദീപ്തിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് നന്ദകുമാറിന്റെ പ്രതികരണം. ഇ.പി. ജയരാജനല്ല, സീതാറാം യച്ചൂരി വന്നു ക്ഷണിച്ചാലും പുല്ലുപോലെ തള്ളിക്കളയാനുള്ള രാഷ്ട്രീയ ഔന്നത്യം തനിക്കുണ്ടെന്ന ദീപ്തി മേരി വർഗീസിന്റെ പ്രസ്താവന തമാശയായി കണക്കാക്കിയാൽ മതിയെന്നും നന്ദകുമാർ പറഞ്ഞു. അന്ന് തിരഞ്ഞെടുപ്പിൽ ഉമാ തോമസിനു വോട്ടു പോലും ചെയ്യാത്ത നേതാവാണ് അവർ. ദീപ്തി മേരി വർഗീസ് അത്രയ്ക്ക് അസംതൃപ്തയായിരുന്നുവെന്നും നന്ദകുമാർ വെളിപ്പെടുത്തി.
‘‘തൃക്കാക്കരയിൽ സ്ഥാനാർഥി നിർണയം പൂർത്തിയാക്കി പ്രചാരണം ആരംഭിച്ചതിനു ശേഷമാണ് ഞങ്ങൾ ദീപ്തി മേരി വർഗീസിനെ ബന്ധപ്പെടുന്നത്. ഇടതു സ്ഥാനാർഥി നാമനിർദ്ദേശ പത്രിക സമർപ്പിച്ച് പ്രചാരണം ആരംഭിച്ചതിനു പിന്നാലെയാണ്, പത്മജയേപ്പോലെ നിരാശയായി, സ്ഥാനാർഥി മോഹിയായ ദീപ്തി മേരി വർഗീസിനെ ഞങ്ങൾ കാണുന്നത്. ദീപ്തി മേരി വർഗീസ് ക്ഷണിച്ചതനുസരിച്ച് ഞാനാണ് അവരെ ഫ്ലാറ്റിൽ പോയി കണ്ടത്. അതിനുശേഷം അവർ ഇ.പി. ജയരാജന്റെ ആശീർവാദം മേടിക്കാനായി വന്നു. അന്ന് കോൺഗ്രസിലെ പ്രശ്നങ്ങളെക്കുറിച്ച് പറഞ്ഞു. കോൺഗ്രസിൽ നിലനിൽപ്പില്ലെന്ന് പറഞ്ഞു.
‘‘അല്ലാതെ ഇ.പി. ജയരാജൻ അവരെ കാണാൻ പോയിട്ടൊന്നുമില്ല. അതൊക്കെ അവർ വെറുതേ ആരോപണം ഉന്നയിക്കുന്നതാണ്. തിരഞ്ഞെടുപ്പു സമയത്ത് ആരു കാണാൻ വന്നാലും നേതാക്കൻമാർ കാണാറില്ലേ? അങ്ങനെയാണ് അദ്ദേഹം ദീപ്തിയെ കണ്ടത്. അല്ലാതെ അങ്ങോട്ടു പോയി കണ്ടതല്ല. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് എതിരായി എൽഡിഎഫിനാണ് വോട്ടു ചെയ്തത് എന്നു പറഞ്ഞ് വിവിപാറ്റിന്റെ പകർപ്പ് പോലും ഞങ്ങൾക്ക് അയച്ചു തന്ന ആളാണ് അവർ. സ്വന്തം നിലപാട് ബോധിപ്പിക്കാൻ. അത് ഇപ്പോഴും എന്റെ കയ്യിലുണ്ട്.
‘‘അന്ന് കാണാൻ വന്ന സമയത്ത്, കോൺഗ്രസിനുള്ളിൽ നിങ്ങളെല്ലാം ഇങ്ങനെ നിൽപ് മാത്രമായിപ്പോകുമല്ലോ എന്ന് ജയരാജൻ അവരോടു പറയുകയും ചെയ്തു. കാരണം തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർഥികൾ സ്ഥിരം ആളുകളാണല്ലോ. ഒരാൾ ജയിച്ചു കഴിഞ്ഞാൽ അവരെ മാറ്റുന്ന പതിവ് കോൺഗ്രസിന് ഇല്ല. പി.ടി. തോമസ് കഴിഞ്ഞപ്പോൾ ഉമാ തോമസ്, ഉമാ തോമസിന്റെ കാലാവധി കഴിയുമ്പോൾ വിഷ്ണു തോമസ്, അതായത് പി.ടി. തോമസിന്റെ മകൻ, അങ്ങനെയാണ് കോൺഗ്രസ് പാരമ്പര്യമെന്ന് അവർ തന്നെയാണ് ഞങ്ങളോട് പറഞ്ഞത്.
‘‘അവർ ഇക്കാര്യങ്ങളെല്ലാം പറഞ്ഞപ്പോൾ സ്വാഭാവികമായും മുന്നണിയുടെ താൽപര്യം ജയരാജനും അവരെ അറിയിച്ചിട്ടുണ്ടാകും. കാരണം അവർ സജീവമായി പ്രവർത്തിക്കുന്ന നേതാവാണ്. സമരമുഖത്തുള്ളയാളുമാണ്. അല്ലാതെ വീട്ടിൽ എസിയുടെ അടിയിൽ ഇരിക്കുന്ന നേതാവല്ല. അവർ സിപിഎമ്മിനോടുള്ള താൽപര്യം അറിയിച്ചപ്പോൾ പാർട്ടിയുടെ താൽപര്യം അവരെയും അറിയിച്ചിട്ടുണ്ടാകും.’’ – നന്ദകുമാർ പറഞ്ഞു.