ADVERTISEMENT

കൊച്ചി∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനും വിവാദ ദല്ലാൾ നന്ദകുമാറും തന്നെ സമീപിച്ചിരുന്നുവെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ്. അന്നുതന്നെ അവർക്ക് അതിനുള്ള മറുപടി കൃത്യമായി കൊടുത്തിരുന്നു. അവർ വന്നതിന് അത്ര വിലയേ നൽകിയിരുന്നുള്ളൂ എന്നതു കൊണ്ടാണ് ഇക്കാര്യം അന്നു പുറത്തുപറയാതിരുന്നത്.  ഇ.പി.ജയരാജൻ അല്ല, സീതാറാം യെച്ചൂരി വിളിച്ചാലും തള്ളിക്കളയാനുള്ള രാഷ്ട്രീയ ഔന്നത്യവും സംഘടനാപരമായ പാരമ്പര്യവും തനിക്കുണ്ടെന്നും ദീപ്തി പറഞ്ഞു.

Read also: ഷാജിയുടെ മരണത്തിനു കാരണക്കാർ എസ്എഫ്ഐ; അധ്യാപകനെ തല്ലി: വീട് സന്ദർശിച്ച് കെ.സുധാകരൻ

പി.രാജീവ് ‍ഡമ്മി മന്ത്രി മാത്രമാണെന്നും, അതുകൊണ്ടാണ് ഇ.പി.ജയരാജൻ വന്ന് ചർച്ച നടത്തിയതു പോലും അദ്ദേഹം അറിയാതെ പോയതെന്നും ദീപ്തി പരിഹസിച്ചു. ചിലർക്ക് ഇങ്ങനെ വെളിപ്പെടുത്തൽ നടത്തി പ്രസക്തി തെളിയിക്കേണ്ട അവസ്ഥയാണെന്ന് രാജീവ് പ്രതികരിച്ചതിനു മറുപടി പറയുകയായിരുന്നു ദീപ്തി. 1990കളിൽ ആർഷോയേക്കാൾ മോശം ഭാഷയിൽ സംസാരിച്ചിരുന്ന നേതാവാണ് രാജീവ്. ഇടിമുറികളിൽ എങ്ങനെ സിദ്ധാർഥൻമാരെ സൃഷ്ടിക്കാമെന്ന് ക്ലാസെടുത്തിരുന്നയാൾ. പി.രാജീവ് ഇനിയും കൂടുതൽ സംസാരിച്ചാൽ ചരിത്രം ഉൾപ്പെടെ പറയാൻ താൻ തയാറാണെന്നും ദീപ്തി വെല്ലുവിളിച്ചു.

‘‘എന്റെ ഉൾപ്പെടെ പേരുകൾ പരാമർശിച്ച് വെളിപ്പെടുത്തലുകൾ നടത്തുമ്പോൾ, അതിനു മറുപടി പറയേണ്ടത് അത്യന്താപേഷിതമായതുകൊണ്ടു മാത്രമാണ് ഇന്നലെ ഇവരുടെ ദല്ലാൾ എന്റെ പേരു പരാമർശിച്ചപ്പോൾ ഞാൻ പ്രതികരിച്ചത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഈ ദല്ലാളും ഇ.പി.ജയരാജനും എന്നെ സമീപിക്കുകയുണ്ടായി. അന്നുതന്നെ ഞാൻ അതിനു വ്യക്തമായ മറുപടി നൽകിയതാണ്.

എന്തുകൊണ്ട് അവർ സമീപിച്ച കാര്യം അന്നു പുറത്തുപറഞ്ഞില്ല എന്നു ചോദിച്ചാൽ, അതിന് അത്രയ്ക്കു വിലയേ അന്നു ഞാൻ കണ്ടിരുന്നുള്ളൂ. ഇ.പി. ജയരാജനല്ല, സീതാറാം യച്ചൂരി വിളിച്ചാലും പുല്ലുപോലെ തള്ളിക്കളയാനുള്ള രാഷ്ട്രീയ ഔന്നത്യവും സംഘടനാപരമായ പാരമ്പര്യവും എനിക്കുണ്ട് എന്നതുകൊണ്ടാണ് അന്നുതന്നെ കൃത്യമായി മറുപടി കൊടുത്തത്.

മന്ത്രി പി.രാജീവ് എന്നെ പരാമർശിച്ച് ഇന്നലെ ചില കാര്യങ്ങൾ പറഞ്ഞു. പി.രാജീവിനെ ഇവിടെ വ്യവസായ മന്ത്രിയായ ശേഷം മാത്രമല്ല എനിക്കു പരിചയമുള്ളത്. 1990കളിൽ മഹാരാജാസ് കോളജിൽ അദ്ദേഹം വന്നിരുന്നത് വ്യവസായ മന്ത്രിയായിട്ടല്ല. ഇന്ന് സിദ്ധാർഥനെക്കുറിച്ചും എസ്എഫ്ഐയുടെ ഇടിമുറികളെക്കുറിച്ചും നമ്മൾ ചർച്ച ചെയ്യുമ്പോൾ, അന്ന് മഹാരാജാസ് കോളജിൽ വിദ്യാർഥിയല്ലാത്ത ഡിവൈഎഫ്ഐ നേതാവ് പി.രാജീവ് എന്തിനാണ് കോളജിലെ ഇടിമുറികളിൽ വന്നിരുന്നത്, യൂണിയൻ ഓഫിസിൽ വന്നിരുന്നത് എന്നൊക്കെ വ്യക്തമായി അറിയാവുന്ന ആളാണ് ഞാൻ. അന്ന് ഞാൻ മഹാരാജാസിലെ യൂണിറ്റ് പ്രസിഡന്റാണ്.

അന്ന് ഞാൻ ഉൾപ്പെടെയുള്ള പെൺകുട്ടികളെ തിരഞ്ഞെടുപ്പിനു ശേഷം ക്രൂരമായി ആക്രമിക്കുന്നതിനും മർദ്ദിക്കുന്നതിനും എസ്എഫ്ഐയ്ക്ക് കൃത്യമായി ക്ലാസ് നടത്തിയിരുന്ന വ്യക്തിയാണ് പി.രാജീവ്. കോളജുകളിൽ എങ്ങനെയാണ് സിദ്ധാർഥൻമാരെ സൃഷ്ടിക്കേണ്ടത് എന്ന് ക്ലാസെടുത്തിരുന്നയാൾ. അദ്ദേഹം എന്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയായി വളർന്നത് എന്നൊക്കെ എനിക്ക് കൃത്യമായിത്തന്നെ അറിയാം. ആ ചരിത്രമൊന്നും എന്നെക്കൊണ്ട് പറയിക്കരുത്.

മന്ത്രിയായ ശേഷം അദ്ദേഹം അച്ചടി ഭാഷയിൽ വളരെ അച്ചടക്കത്തോടെ സംസാരിക്കുന്നുണ്ടെങ്കിലും അന്ന് പെൺകുട്ടികളെ ഉൾപ്പെടെ അദ്ദേഹം വിളിച്ചിരുന്നത് ഇന്ന് ആർഷോ വിളിക്കുന്ന അതേ ഭാഷയിൽത്തന്നെയായിരുന്നു. ആർഷോയേക്കാൾ വലിയ ഭീകരതയാണ് അന്ന് മഹാരാജാസ് കോളജിൽ പി.രാജീവ് സൃഷ്ടിച്ചിരുന്നത്. സത്യത്തിൽ അദ്ദേഹം ഒരു ഡമ്മി മന്ത്രിയാണ്. എന്താണ് സിപിഎമ്മിൽ നടക്കുന്നതെന്ന് അദ്ദേഹത്തിന് അറിയില്ല. അതിന്റെ ഏറ്റവും വലിയ തെളിവാണ് ഇ.പി.ജയരാജൻ വന്ന് സംസാരിച്ചതിനെക്കുറിച്ച് അദ്ദേഹത്തിന് അറിവില്ല എന്നു പറഞ്ഞത്. 

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ സമുദായത്തിൽപ്പെട്ട ഒരു സ്ഥാനാർഥിയുടെ പേര് മതിലിൽ എഴുതിയ ശേഷം, അയാളെ സ്ഥാനാർഥിയാക്കാതിരിക്കാൻ അദ്ദേഹം തന്നെ അവതരിപ്പിച്ച ആളായിരുന്നു ആർക്കുമറിയാത്ത ഒരു ഡോ.ജോ. രാജീവിന് അദ്ദേഹത്തിന്റേതായ താൽപര്യങ്ങളുണ്ടാകാം. അതുകൊണ്ടായിരിക്കാം ഇ.പി.ജയരാജനെ പോലുള്ള മുതിർന്ന നേതാക്കൾ വന്ന ചർച്ച നടത്തുന്നതു പോലും അറിയാതെ പോകുന്നത്.

ഇതൊന്നും അദ്ദേഹത്തിന്റെ കുറ്റമല്ല. അത്ര വില മാത്രമേ സിപിഎം നേതൃത്വം അദ്ദേഹത്തിന് കൊടുക്കുന്നുള്ളൂ എന്നതുകൊണ്ടാണ്. പിണറായി വിജയൻ പറയുന്നത് അനുസരിക്കുന്ന, അല്ലെങ്കിൽ അദ്ദേഹത്തിന്റെ മരുമകൻ മന്ത്രി പറഞ്ഞാൽ അനുസരിക്കുന്ന ഒരു ഡമ്മി മന്ത്രി മാത്രമാണ് രാജീവ്.’’ – ദീപ്തി പറഞ്ഞു.

English Summary:

Deepti Varghese Unveils Hidden Election Talks with LDF Heavyweights

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com