പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരിന്ദർ സിങ്ങിന്റെ ഭാര്യ ബിജെപിയിൽ; പട്യാലയിൽ മത്സരിക്കും
Mail This Article
ന്യൂഡൽഹി ∙ പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരിന്ദർ സിങ്ങിന്റെ ഭാര്യയും പട്യാലയിൽനിന്നുള്ള കോൺഗ്രസ് എംപിയുമായ പ്രണീത് കൗർ ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് അംഗത്വം സ്വീകരിച്ചത്. 2022ൽ അമരിന്ദർ സിങ് ബിജെപിയിൽ ചേർന്നിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പ്രണീത് കൗറിനെ കോൺഗ്രസ് സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഇത്തവണ പട്യാലയിൽനിന്ന് ബിജെപി ടിക്കറ്റിൽ മത്സരിക്കുമെന്നാണു വിവരം. പാർട്ടി അംഗത്വം സീകരിച്ചതിനു പിന്നാലെ, പൊതുപ്രവർത്തന രംഗത്ത് താൻ സജീവമായി തുടരുമെന്ന് അവർ വ്യക്തമാക്കി.
Read Also: സുഖ്ബിർ സന്ധുവും ഗ്യാനേഷ് കുമാറും പുതിയ തിരഞ്ഞെടുപ്പ് കമ്മിഷണർമാരായേക്കും
‘‘ഇന്ന് ഞാൻ ബിജെപിയിൽ ചേർന്നു. കഴിഞ്ഞ 25 വർഷമായി ലോക്സഭയിലും നിയമസഭയിലും പഞ്ചാബിനും രാജ്യത്തിനുമായി പ്രവർത്തിച്ചു. ബിജെപിക്കൊപ്പം കൂടുതൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി മോദിക്കും പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡയ്ക്കും നന്ദി അറിയിക്കുന്നു’’ – പ്രണീത് കൗർ പറഞ്ഞു. സ്ഥാനാർഥിത്വം സംബന്ധിച്ച വിഷയത്തിൽ പാർട്ടി അന്തിമ തീരുമാനം സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, പഞ്ചാബിൽ ‘ഇന്ത്യ’ മുന്നണിയിലെ കക്ഷികളായ കോൺഗ്രസും എഎപിയും നേർക്കുനേർ ഏറ്റുമുട്ടും. സംസ്ഥാനത്ത് ആകെയുള്ള 13 മണ്ഡലങ്ങളിൽ ഏഴിടത്താണ് കോൺഗ്രസ് എംപിമാരുള്ളത്. മൂന്നിടത്ത് അകാലിദളും രണ്ടു സീറ്റുകളിൽ ബിജെപി എംപിമാരുമാണുള്ളത്. ഒരിടത്തു മാത്രമാണ് എഎപിക്ക് സിറ്റിങ് എംപിയുള്ളത്. ബിജെപി – അകാലിദൾ സഖ്യ ചർച്ചകൾ സജീവമായി തുടരുകയാണ്. പ്രണീത് കൗർ മറുകണ്ടം ചാടിയതോടെ പട്യാലയിലെ പോരാട്ടം കോൺഗ്രസിന് കടുപ്പമേറിയതാകും.