ഷാജിയുടെ മരണത്തിനു കാരണക്കാർ എസ്എഫ്ഐ; അധ്യാപകനെ തല്ലി: വീട് സന്ദർശിച്ച് കെ.സുധാകരൻ
Mail This Article
കണ്ണൂർ ∙ കേരള സർവകലാശാല യുവജനോത്സവത്തിൽ കോഴ ആരോപണം ഉയർന്നതിനു പിന്നാലെ ആത്മഹത്യ ചെയ്ത കണ്ണൂർ സ്വദേശി പി.എൻ. ഷാജിയുടെ മരണത്തിനു കാരണക്കാർ എസ്എഫ്ഐ ആണെന്ന് കെപിസിസി പ്രസിഡന്റും ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർഥിയുമായ കെ.സുധാകരൻ. എസ്എഫ്ഐ ആവശ്യപ്പെട്ട ആളുകൾക്ക് ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും നൽകാത്തതിന് അവർ ഉണ്ടാക്കിയ പരാതിയാണ് ഷാജിയുടെ മരണത്തിന് കാരണം. അധ്യാപകനെ അവർ തല്ലിയെന്നും സുധാകരൻ ആരോപിച്ചു. ഷാജിയുടെ കണ്ണൂരിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷമാണ് സുധാകരന്റെ ആരോപണം.
‘‘ഈ പാവം മനുഷ്യന്റെ മരണത്തിന് ഉത്തരവാദി എസ്എഫ്ഐ ആണ്. യൂണിവേഴ്സിറ്റി യുവജനോത്സവത്തിൽ അവർ പറഞ്ഞ ആളുകൾക്ക് ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും കൊടുക്കാൻ ആവശ്യപ്പെട്ടപ്പോൾ ഇദ്ദേഹം അതു നിഷേധിച്ചുവെന്നാണ് പറയുന്നത്. ഞാൻ ഇദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്ന അധ്യാപകരെ വിളിച്ചു. ഒരു കുറ്റവും ചെയ്തിട്ടില്ല എന്നു മാത്രമല്ല, നിഷ്പക്ഷമായി പെരുമാറുന്നയാളാണ് ഷാജിയെന്ന് അവരും പറഞ്ഞു.
അദ്ദേഹത്തെക്കുറിച്ച് ഇതുവരെ ഒരു പരാതിയും ഉണ്ടായിട്ടില്ലെന്നാണ് പറഞ്ഞത്. ഈ പരാതി എസ്എഫ്ഐക്കാർ ഉണ്ടാക്കിയതാണ്. ഇദ്ദേഹത്തെ തല്ലിയെന്നാണ് പറഞ്ഞത്. മാർഗംകളി മത്സരത്തിന് ഇതുപോലെ ചൂണ്ടിക്കാട്ടുന്നവർക്ക് ഒന്നാം സ്ഥാനം നൽകണമെന്ന് പറഞ്ഞപ്പോൾ സംസ്കാരമുള്ള അധ്യാപകൻ അങ്ങനെ ചെയ്യുമോ? തറവാടിത്തമുള്ളവർ ചെയ്യുമോ? പക്ഷേ, എസ്എഫ്ഐയ്ക്ക് അതു കിട്ടണമെന്ന് നിർബന്ധമാണ്.’’ – സുധാകൻ ചൂണ്ടിക്കാട്ടി.
ഇന്നലെ വൈകിട്ടാണു ഷാജിയെ കണ്ണൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിനുശേഷം ഇന്ന് 12 മണിയോടെ ഷാജിയുടെ മൃതദേഹം വീട്ടിലെത്തിക്കും. തുടർന്ന് പയ്യാമ്പലത്ത് സംസ്കാര ചടങ്ങുകൾ നടക്കും. നൃത്താധ്യാപകനായ ഷാജി സ്കൂൾ, കോളജ് വിദ്യാർഥികളെ വർഷങ്ങളായി പരിശീലിപ്പിക്കുന്നു. നേരത്തെ ചെറുകുന്നിൽ സ്ഥാപനം നടത്തിയിരുന്നു.