ADVERTISEMENT

മുംബൈ ∙ പേയ് ടിഎം പേയ്മെന്റ്സ് ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള നിക്ഷേപങ്ങൾ സ്വീകരിക്കൽ, ക്രെഡിറ്റ് ഇടപാടുകൾ എന്നിവയ്ക്കുമേൽ റിസർവ് ബാങ്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ വെള്ളിയാഴ്ച പ്രാബല്യത്തിൽ വരും. ജനുവരി 31നാണ് ഗുരുതര ചട്ടലംഘനം ചൂണ്ടിക്കാണിച്ച് പേയ് ടിഎം ബാങ്കിന് ആർബിഐ താഴിട്ടത്. മറ്റു ബാങ്ക് അക്കൗണ്ടുകള്‍ തിരഞ്ഞെടുത്തില്ലെങ്കില്‍ പേയ് ടിഎം ബാങ്കുമായി ബന്ധിപ്പിച്ചിട്ടുള്ള ഡീമാറ്റ് അക്കൗണ്ടിലൂടെ ഇടപാടു നടത്താനാവില്ലെന്നു ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും മുന്നറിയിപ്പു നൽകിയിട്ടുണ്ട്. 

Read Also: പുതിയ അക്കൗണ്ടിലേക്ക് മാറിയോ? പേയ് ടിഎം ബാങ്കിലൂടെ നാളെ മുതല്‍ ഇടപാടുകൾക്ക് വിലക്ക്

കൃത്യമായ തിരിച്ചറിയൽ രേഖകൾ പോലുമില്ലാതെയാണ് പേയ് ടിഎം ആയിരക്കണക്കിനു ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ അനുമതി നൽകിയതെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ആർബിഐ കടുത്ത നടപടികൾ സ്വീകരിച്ചത്. ഒരേ തിരിച്ചറിയൽ രേഖ ഉപയോഗിച്ചു പല അക്കൗണ്ടുകൾ തുറന്നതായും കണ്ടെത്തി. കള്ളപ്പണം വെളുപ്പിക്കാൻ ഉൾപ്പെടെ ഇത്തരം അക്കൗണ്ടുകൾ ഉപയോഗിച്ചേക്കാമെന്നാണ് ആർബിഐ ചൂണ്ടിക്കാണിക്കുന്നത്. ഇ.ഡിയെയും പ്രധാനമന്ത്രിയുടെ ഓഫിസിനെയും ഇക്കാര്യം അറിയിക്കുകയും ചെയ്തു. 

പേയ് ടിഎം ബാങ്ക് പ്രവർത്തന രഹിതമാകുന്നതോടെ വരാൻ പോകുന്ന പ്രധാന മാറ്റങ്ങളാണ് ഇനി പറയുന്നത്:

  • ഉപഭോക്താക്കൾക്ക് പേയ് ടിഎം പേയ്മെന്റ്സ് ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാനാവില്ല. എന്നാൽ നിലവിൽ അക്കൗണ്ടിലുള്ള പണം പിൻവലിക്കാനും ട്രാൻസ്ഫർ ചെയ്യാനുമാകും.
  • ശമ്പളം, സർക്കാർ ധനസഹായം, സബ്സിഡി എന്നിവ പേയ് ടിഎം ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കില്ല. എന്നാല്‍ പാർട്നർ ബാങ്കുകളിൽനിന്ന് റീഫണ്ട്, ക്യാഷ്ബാക്ക് എന്നിവ ലഭിക്കും.
  • വാലറ്റിലേക്ക് പണം ചേർക്കാനോ ട്രാൻസ്ഫർ ചെയ്യാനോ ആകില്ല. എന്നാൽ നിലവിൽ ബാലൻസ് ഉണ്ടെങ്കിൽ അത് ഉപയോഗിച്ച് പേയ്മെന്റ് നടത്താം.
  • പേയ് ടിഎം ബാങ്ക് ഉപയോഗിച്ച് ഫസ്ടാഗ് റീചാർജ് ചെയ്യാനാകില്ല.
  • പേയ് ടിഎം ബാങ്ക് അനുവദിച്ച നാഷനൽ കോമൺ മൊബിലിറ്റി കാർഡ് പ്രവർത്തന രഹിതമാവും.
  • പേയ് ടിഎം പേയ്മെന്റ്സ് ബാങ്ക് അക്കൗണ്ടിലേക്ക് യുപിഐ, ഐഎംപിഎസ് എന്നിവ ഉപയോഗിച്ചും പണം ട്രാൻസ്ഫർ ചെയ്യാനാകില്ല.
English Summary:

Paytm Payments Bank To Shut Down After March 15: All You Need To Know

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com