20 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി; മഹാ വികാസ് അഘാഡിയിൽ തർക്കം, സീറ്റ് വിഭജനം നീളുന്നു
Mail This Article
മുംബൈ ∙ 48 ലോക്സഭാ സീറ്റുകളുള്ള മഹാരാഷ്ട്രയിൽ ബിജെപി 20 സ്ഥാനാർഥികളുടെ പട്ടിക പുറത്തിറക്കിയിരിക്കെ, കോൺഗ്രസ് സഖ്യമായ മഹാ വികാസ് അഘാഡിയിൽ സീറ്റ് വിഭജനം നീളുന്നു. ശിവസേന ഉദ്ധവ് പക്ഷവും കോൺഗ്രസും തമ്മിൽ പല സീറ്റുകളിലും തർക്കം നിലനിൽക്കുകയാണ്. മഹാ വികാസ് അഘാഡിയുമായി കൈകോർക്കുമെന്നു കരുതുന്ന പ്രകാശ് അംബേദ്കറുടെ പാർട്ടി വഞ്ചിത് ബഹുജൻ അഘാഡി ഒറ്റയ്ക്ക് മത്സരിക്കുമെന്ന സൂചനയും നൽകി. കോലാപുർ, സാംഗ്ലി, മുംബൈ നോർത്ത് വെസ്റ്റ് സീറ്റുകളിൽ കോൺഗ്രസും ഉദ്ധവ് പക്ഷവും തമ്മിൽ തർക്കമുണ്ട്.
Read Also: പൊൻമുടിയെ വീണ്ടും മന്ത്രിയാക്കാൻ സ്റ്റാലിൻ: ഗവർണർക്ക് കത്ത്, ഒന്നും മിണ്ടാതെ ഗവർണർ
അവിഭക്ത ശിവസേനയുടെ സിറ്റിങ് സീറ്റായിരുന്ന കോലാപുരിൽ ശിവാജിയുടെ പിൻഗാമി ഷാഹു മഹാരാജിനെ സ്ഥാനാർഥിയായി കോൺഗ്രസ് പ്രഖ്യാപിച്ചതിൽ ഉദ്ധവ് പക്ഷത്ത് അസ്വസ്ഥതയുണ്ട്. പകരം കോൺഗ്രസിന്റെ ശക്തികേന്ദ്രമായ സാംഗ്ലിയിൽ ഗുസ്തിതാരം ചന്ദ്രഹാർ പാട്ടീലിനെ സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിലാണ് ഉദ്ധവ് പക്ഷം. കോൺഗ്രസ് പതിവായി മത്സരിച്ചിരുന്ന മുംബൈ നോർത്ത് വെസ്റ്റ് സീറ്റിനായി ഉദ്ധവ് പക്ഷം പിടിമുറുക്കി. വാർധ വിട്ടുതരണമെന്ന ആവശ്യവുമായി ശരദ് പവാർ പക്ഷം രംഗത്തുണ്ട്. മഹാരാഷ്ട്ര പിസിസി അധ്യക്ഷൻ മത്സരിക്കാൻ പദ്ധതിയിടുന്ന വിദർഭയിലെ ഭണ്ഡാര–ഗോണ്ടിയ മണ്ഡലത്തിൻമേലും ശരദ് പവാർ പക്ഷം അവകാശവാദം ഉന്നയിച്ചു.
സുശീൽ കുമാർ ഷിൻഡെയുടെ തട്ടകമായ സോലാപുർ വേണമെന്ന് പ്രകാശ് അംബേദ്കർ ആവശ്യപ്പെട്ടിരിക്കുന്നു. അകോള, അമരാവതി സീറ്റുകളുമായി ബന്ധപ്പെട്ടും പ്രകാശ്–കോൺഗ്രസ് തർക്കമുണ്ട്. ഭാരത് ജോഡോ ന്യായ് യാത്ര ഈ മാസം 17ന് സമാപിച്ച ശേഷം സീറ്റ് വിഭജനം സംബന്ധിച്ച പ്രഖ്യാപനം നടത്താനാണ് അഘാഡിയുടെ തീരുമാനം. എൻഡിഎയിൽ, ബിജെപി 31 സീറ്റുകളിലും ശിവസേന ഷിൻഡെ പക്ഷം 13 സീറ്റുകളിലും എൻസിപി അജിത് പവാർ വിഭാഗം 4 സീറ്റുകളിലും മത്സരിക്കാൻ ഏതാണ്ട് ധാരണയായതായി ഷിൻഡെ വിഭാഗം നേതാവ് അവകാശപ്പെട്ടു.