ഇ.പിക്ക് രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധം, അദ്ദേഹം പാർട്ണറെ തള്ളിപ്പറയില്ല: വി.ഡി. സതീശൻ
Mail This Article
തിരുവനന്തപുരം∙ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജന് കേന്ദ്രമന്ത്രിയും ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥിയുമായി രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ബിസിനസ് പാർട്ണറെ തള്ളിപ്പറയാൻ ജയരാജൻ തയാറാവില്ലെന്ന് സതീശൻ അഭിപ്രായപ്പെട്ടു. കേരളത്തിൽ സംഘപരിവാർ ശക്തികളുടെ ബി ടീമിന്റെ ക്യാപ്റ്റനാണ് ഇപ്പോൾ ഇ.പി. ജയരാജൻ. അതിന്റെ നോൺ പ്ലേയിങ് ക്യാപ്റ്റനും കോച്ചുമാണ് പിണറായി വിജയൻ. തിരുവനന്തപുരത്ത് ഉൾപ്പെടെ ബിജെപി നിർത്തിയിരിക്കുന്നത് മികച്ച സ്ഥാനാർഥികളെയാണെന്ന ജയരാജന്റെ പരാമർശത്തിന്റെ അടിസ്ഥാനത്തിലാണ് സതീശന്റെ പ്രതികരണം.
‘‘എൻഡിഎ കൺവീനർ എന്നാണോ എൽഡിഎഫ് കൺവീനർ എന്നാണ് ഇ.പി. ജയരാജനെക്കുറിച്ച് ഞാൻ പറയേണ്ടത്? കേരളത്തിൽ സംഘപരിവാർ ശക്തികളുടെ ബി ടീമിന്റെ ക്യാപ്റ്റനാണ് ഇപ്പോൾ ഇ.പി. ജയരാജൻ. അതിന്റെ നോൺ പ്ലേയിങ് ക്യാപ്റ്റനും കോച്ചുമാണ് പിണറായി വിജയൻ. കേരളത്തിലെ സിപിഎം എവിടേക്കാണു പോകുന്നത്? ബിജെപി നിർത്തിയിരിക്കുന്നത് മികച്ച സ്ഥാനാർഥികളെയാണെന്നു വന്നു പറയുന്നത് എൽഡിഎഫ് കൺവീനറാണ്. തിരുവനന്തപുരത്ത്, ആറ്റിങ്ങലിൽ, തൃശൂരിൽ, കോഴിക്കോട്ട്... മിക്കയിടങ്ങളിലും മികച്ച സ്ഥാനാർഥികളെയാണ് നിർത്തിയിരിക്കുന്നത് എന്നാണ് ജയരാജൻ പറയുന്നത്.
തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥിയോട് അദ്ദേഹത്തിനു വളരെ പ്രത്യേകമായ ഒരു മമതയുണ്ട്. ഞങ്ങൾ മുൻപ് ആരോപിക്കുന്നതുപോലെ, ബിജെപി കേന്ദ്രനേതൃത്വവുമായി അന്തർധാര മാത്രമല്ല, അവരുമായി ബിസിനസ് പാർട്ണർഷിപ്പും തുടങ്ങിയിരിക്കുകയാണ്. കേരളത്തിലെ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനും അദ്ദേഹത്തിന്റെ കുടുംബത്തിനും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് പാർട്ണർഷിപ്പുണ്ട്. അദ്ദേഹത്തിന്റെ റിസോർട്ടിലാണിത്.
കേരളത്തിലെ ബിജെപി നേതാക്കൻമാരും സിപിഎം നേതാക്കളും ബിസിനസ് ബന്ധം കൂടി തുടങ്ങിയിരിക്കുകയാണ്. ഇവർ തമ്മിൽ അന്തർധാരയും ധാരണയും നേരത്തേയുണ്ട്. ആർഎസ്എസിന്റെ പത്രമായിരുന്നു ഓർഗനൈസർ. അതിന്റെ ചുമതലയുള്ള നേതാവായിരുന്നു ബാലശങ്കർ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം അദ്ദേഹം പറഞ്ഞു, കേരളത്തിൽ സിപിഎമ്മുമായി ഞങ്ങൾക്കു ധാരണയുണ്ടായിരുന്നു എന്ന്. ആർക്കും നിഷേധിക്കാൻ പറ്റില്ല. അതൊരു രാഷ്ട്രീയ ആരോപണവുമല്ല. പ്രധാനമന്ത്രിയുടെ ഓഫിസുമായെല്ലാം ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നേതാവാണ് ബാലശങ്കർ.
നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് ഉണ്ടായിരുന്നതായി ബാലശങ്കർ പറഞ്ഞ ആ ബന്ധം ഇപ്പോഴും തുടരുകയാണ്. അതു ബിസിനസ് പാർട്ണർഷിപ്പിൽ വരെയെത്തി. എന്തൊക്കെ പറഞ്ഞാലും ജയരാജൻ ആൾ ഡീസന്റാണ്. സ്വന്തം പാർട്ണറെ തള്ളിപ്പറയാൻ പറ്റുമോ? സ്വന്തം പാർട്ണർ സ്ഥാനാർഥിയായി മത്സരിക്കുമ്പോൾ അദ്ദേഹത്തിന് അനുകൂലമായി സംസാരിക്കേണ്ടേ? അതാണ് ജയരാജൻ പറഞ്ഞത്.
ബിജെപിക്ക് കേരളത്തിൽ ഇല്ലാത്ത ഇടം ഉണ്ടാക്കിക്കൊടുക്കാനാണു സിപിഎം നേതാക്കൾ ശ്രമിക്കുന്നത്. അതാണ് ധാരണ. നിങ്ങൾ എന്തൊക്കെ ധാരണയുണ്ടാക്കിയാലും കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ സാധിക്കില്ല. യുഡിഎഫ് അതിന് അനുവദിക്കില്ല. അത് പ്രഖ്യാപിത നിലപാടു തന്നെയാണ്’’ – സതീശൻ പറഞ്ഞു.