‘ചെലവഴിക്കാൻ ഞങ്ങൾക്ക് പണമില്ല’: കൈമലർത്തി ഖർഗെ, കേന്ദ്രത്തിന് വിമർശനം
Mail This Article
കലബുറഗി (കർണാടക) ∙ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പ്രചാരണത്തിനും മറ്റും ചെലവഴിക്കാൻ പണമില്ലെന്നു വെളിപ്പെടുത്തി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച ആദായനികുതി വകുപ്പിന്റെ തീരുമാനം ചൂണ്ടിക്കാട്ടിയാണു പരാമർശം.
‘‘ജനങ്ങൾ സംഭാവനയായി നൽകിയ പണമാണു പാർട്ടിക്കുള്ളത്. അതു കേന്ദ്ര സർക്കാർ മരവിപ്പിച്ചിരിക്കുകയാണ്. ചെലവഴിക്കാൻ ഞങ്ങളുടെ കയ്യിൽ പണമില്ല ഇപ്പോൾ. അപ്പോഴും തിരഞ്ഞെടുപ്പ് കടപ്പത്രങ്ങൾ വഴി കിട്ടിയ ആയിരക്കണക്കിനു കോടി രൂപയെപ്പറ്റി വെളിപ്പെടുത്താൻ അവർ (ബിജെപി) തയാറായിട്ടില്ല. അവരുടെ മോഷണവും തെറ്റായ കാര്യങ്ങളും പുറത്തുവരും എന്നതിനാലാണു ജൂലൈ വരെ സമയം ചോദിച്ചത്.’’– ഖർഗെ അഭിപ്രായപ്പെട്ടു.
Read Also: ‘ദുബായിലേക്ക് വിളിച്ചുവരുത്തി കെട്ടിയിട്ട് ബലാത്സംഗം ചെയ്തു’: സുഹൃത്തിനെതിരെ പരാതി
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാൻ ജനം ഒരുമിച്ചു നിൽക്കണം. കലബുറഗിയിൽ 2019ലെ തെറ്റ് തിരുത്താനും (ഇവിടെ സ്ഥാനാർഥിയായിരുന്ന ഖർഗെ പരാജയപ്പെട്ടിരുന്നു) കോൺഗ്രസ് സ്ഥാനാർഥിയുടെ വിജയം ഉറപ്പാക്കാനും ജനങ്ങൾ തീരുമാനിക്കണമെന്നും ഖർഗെ പറഞ്ഞു.
ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച ആദായനികുതി വകുപ്പിന്റെ തീരുമാനത്തിനെതിരെ കോൺഗ്രസ് നൽകിയ ഹർജി കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. 2018- 19 ലെ നികുതി നൽകിയില്ലെന്നു കാട്ടി പാർട്ടിയുടെ വിവിധ അക്കൗണ്ടുകളിലെ 105 കോടി രൂപ ആദായനികുതി വകുപ്പ് മരവിപ്പിച്ചു. 210 കോടി അടയ്ക്കാനുണ്ടെന്നാണു വകുപ്പിന്റെ വാദം.