സുഹൃത്ത് ജെസ്‌നയെ ചതിച്ച് ദുരുപയോഗം ചെയ്തെന്ന് സംശയം; അമിതരക്തസ്രാവം ഉണ്ടായിരുന്നു: ഹർജിയിൽ പിതാവ്
Mail This Article
തിരുവനന്തപുരം∙ മുണ്ടക്കയത്തുനിന്നു 6 വർഷം മുൻപ് കാണാതായ ജെസ്നയുടെ കൂടെ കോളജിൽ പഠിച്ച അഞ്ചു പേരിലേക്ക് സിബിഐ അന്വേഷണം എത്തിയില്ലെന്നു ജെസ്നയുടെ പിതാവ്. സിബിഐ സമർപ്പിച്ച അന്തിമ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ട് ജെസ്നയുടെ പിതാവ് സിജെഎം കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഈ ആരോപണമുള്ളത്. ഹർജി കോടതി സ്വീകരിച്ചു. ഇതിനെതിരെയുള്ള സിബിഐയുടെ ആക്ഷേപം സമർപ്പിക്കാൻ രണ്ട് ആഴ്ച സമയം നൽകി.
പുളിക്കുന്നിനും മുണ്ടക്കയത്തിനും ഇടയ്ക്കു വച്ചാണ് ജെസ്നയെ കാണാതാകുന്നതെന്നും ഈ സ്ഥലങ്ങളിൽ സിബിഐ അന്വേഷണം എത്തിയിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. ഡിഗ്രിക്കു കൂടെ പഠിച്ച ഏതോ ഒരു സുഹൃത്ത് ജെസ്‌നയെ ചതിച്ച് ദുരുപയോഗം ചെയ്തതായി സംശയമുണ്ട്. ജെസ്നയ്ക്കു ശാരീരിക പ്രശ്നങ്ങളുണ്ടായതിന്റെ കാരണങ്ങളെക്കുറിച്ചു സിബിഐ പരിശോധിച്ചില്ല. കാണാതാകുന്നതിനു മുന്‍പുള്ള ദിവസങ്ങളില്‍ ജെസ്‌നയ്ക്ക് അമിതരക്തസ്രാവം ഉണ്ടായിരുന്നു. അജ്ഞാതസുഹൃത്ത് ദുരുപയോഗം ചെയ്തതിനെ തുടര്‍ന്ന് ഏതെങ്കിലും മരുന്നു കഴിച്ചതിനാലോണ് ഇങ്ങനെ സംഭവിച്ചതെന്ന് സിബിഐ അന്വേഷിച്ചില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. രക്തക്കറ പുരണ്ട വസ്ത്രങ്ങള്‍ തിരുവല്ല ഡിവൈഎസ്പിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയെങ്കിലും ശാസ്ത്രീയപരിശോധന നടത്താന്‍ സിബിഐ തയാറായില്ലെന്നും കുറ്റപ്പെടുത്തുന്നു.
ജെസ്ന കോളജിനു പുറത്ത് എൻഎസ്എസ് ക്യാംപുകൾക്കു പോയിരുന്നു. ഇതുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തിയില്ല. സിബിഐ അന്വേഷണം പരാജയമാണ് എന്നാണു ഹർജിയിൽ ആരോപിക്കുന്നത്.
കേസിന്റെ അന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടി സിബിഐ കോടതിയിൽ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ജെസ്ന മരിച്ചതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണു സിബിഐയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ജെസ്നയുടെ തിരോധാനത്തിനു പിന്നിൽ മത, തീവ്രവാദ സംഘടനകൾക്കു ബന്ധമില്ലെന്നും സിബിഐ കണ്ടെത്തിയിരുന്നു. കേരള പൊലീസിന്റെ കണ്ടെത്തലുകൾക്കു സമാനമാണു സിബിഐയുടെ കണ്ടെത്തലും.
2018 മാർച്ച് 22നാണ് ജെസ്നയെ കാണാനില്ലെന്നു കാട്ടി പിതാവ് പൊലീസിൽ പരാതി നൽകിയത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചശേഷമാണ് കേസ് സിബിഐയിലേക്കെത്തിയത്. കുടുംബം പരാതി നൽകിയതിനെ തുടർന്ന് 2021 ഫെബ്രുവരി 19 നാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.