'പാക്കിസ്ഥാനികളുടെ ധിക്കാരം'; ഹിന്ദു-സിഖ് അഭയാർഥികളെ കടുത്തഭാഷയിൽ വിമർശിച്ച് കേജ്‌രിവാൾ
Mail This Article
ന്യൂഡൽഹി∙ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ നടത്തിയ പരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു–സിഖ് അഭയാർഥികൾ. പരാമർശം പിൻവലിച്ച് കേജ്‌രിവാൾ മാപ്പുപറയണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. തന്റെ വസതിക്കുമുന്നിൽ പ്രതിഷേധവുമായെത്തിയ അഭയാർഥികളെ കേജ്‌രിവാൾ പാക്കിസ്ഥാനികളെന്ന് വിളിച്ച് രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
Read More: എന്താണു പൗരത്വ ഭേദഗതി ബില്‍; ആര്‍ക്കൊക്കെയാണ് അര്‍ഹത?
‘‘ഈ പാക്കിസ്ഥാനികളുടെ ധിക്കാരം നോക്കൂ. ആദ്യം അവർ നിയമം ലംഘിച്ച് നമ്മുടെ രാജ്യത്തേക്ക് നുഴഞ്ഞുകയറി. അവർ ജയിലിലാകേണ്ടതാണ്. അവർക്ക് നമ്മുടെ രാജ്യത്ത് അശാന്തി സൃഷ്ടിച്ച് പ്രതിഷേധിക്കാനുള്ള അധികാരമുണ്ടോ? സിഎഎ നടപ്പാക്കിക്കഴിയുമ്പോൾ പാക്കിസ്ഥാനികളും അഫ്ഗാനികളും ഇന്ത്യയിൽ നിറയും. അവർ പ്രാദേശികജനതയെ ഉപദ്രവിക്കും. ബിജെപി സ്വാർഥ താല്പര്യത്തിന് വേണ്ടി മുഴുവൻ രാജ്യത്തിനും ദ്രോഹമുണ്ടാക്കുകയാണ്. വോട്ട് ബാങ്കാണ് ബിജെപിയുടെ ലക്ഷ്യം.’’ കേജ്‌രിവാൾ എക്സിൽ കുറിച്ചു.
സിഎഎ നടപ്പാക്കി അഫ്ഗാനിസ്ഥാനിലെയും പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകി വോട്ട് ബാങ്ക് സൃഷ്ടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് കേജ്‌രിവാൾ വിമർശിച്ചിരുന്നു. അവർക്ക് തൊഴിലും വീടും നൽകുന്നത് പ്രദേശവാസികളെ ബാധിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിന്റെ പശ്ചാത്തലത്തിലാണ് പരാമർശം പിൻവലിച്ച് മാപ്പുപറയണമെന്നാവശ്യപ്പെട്ട് ഹിന്ദു–സിഖ് അഭയാർഥികൾ കേജ്‌രിവാളിന്റെ വസതിക്ക് മുന്നിൽ തടിച്ചുകൂടിയത്. ‘‘നരേന്ദ്ര മോദി സർക്കാർ ഞങ്ങൾക്ക് പൗരത്വം നൽകുമ്പോൾ ഞങ്ങൾക്ക് ആര് തൊഴിലും വീടും നൽകുമെന്നാണ് കേജ്‌രിവാൾ ചോദിക്കുന്നത്. ഞങ്ങളുടെ വേദന അദ്ദേഹത്തിന് മനസ്സിലാകില്ല.’’ പ്രതിഷേധക്കാർ പറയുന്നു.
തന്റെ വീടിന് സമീപം പ്രതിഷേധക്കാർ തടിച്ചുകൂടിയിട്ടും ഡൽഹി പൊലീസ് നടപടികളൊന്നും സ്വീകരിച്ചില്ലെന്നും കേജ്‌രിവാൾ കുറ്റപ്പെടുത്തി. ഡൽഹിയിലെ ജനങ്ങൾ തിരഞ്ഞെടുത്ത മുഖ്യമന്ത്രിയോടാണ് അഭയാർഥികൾ ക്ഷമ പറയാൻ ആവശ്യപ്പെടുന്നത്. തന്നോടുള്ള വിരോധത്തിൽ ബിജെപി പാക്കിസ്ഥാനികളെ പിന്തുണയ്ക്കുകയാണെന്നും രാജ്യത്തെ വഞ്ചിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.