ADVERTISEMENT

മാനന്തവാടി∙ കാട്ടാന ബേലൂർ മഖ്നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് കെപിസിസി സഹായധനം കൈമാറി. 15 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയെന്നു ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ പറഞ്ഞു. കർണാടക സർക്കാർ അനുവദിച്ച 15 ലക്ഷം രൂപ കുടുംബം നിഷേധിച്ചതിനു പിന്നാലെയാണ് കെപിസിസി തുക നൽകുമെന്ന് അറിയിച്ചത്. ജനുവരി മാസം 10നാണു റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന പനച്ചിയിൽ അജീഷിനെ ചവിട്ടി കൊലപ്പെടുത്തിയത്. മതിൽ പൊളിച്ചെത്തിയ ആന അജീഷിനെ ആക്രമിക്കുകയായിരുന്നു.

Read Also: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ ഇടപെട്ട് മുഖ്യമന്ത്രി; സമരം പിൻവലിക്കുന്നതായി സിഐടിയു

രാവിലെ പണിക്കാരെ കൂട്ടാനായി പോയ അജീഷ് ആനയെ കണ്ടതോടെ അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. ഈ വീട്ടിൽ കുട്ടികൾ അടക്കം നാലുപേരുണ്ടായിരുന്നു. ഇവർ ഓടി രക്ഷപ്പെട്ടെങ്കിലും പിന്നാലെ പാഞ്ഞെത്തിയ കാട്ടാനയിൽനിന്നും അജീഷിന് ഓടിമാറാൻ കഴിഞ്ഞില്ല. കര്‍ണാടക റേഡിയോ കോളര്‍ ഘടിപ്പിച്ചു കാടുകയറ്റിയ ആനയാണു ജനവാസമേഖലയിലെത്തി ഒരാളുടെ ജീവൻ എടുത്തത്. പിന്നാലെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. 

‘പാലിക്കപ്പെട്ടത് രാഹുൽ ഗാന്ധി ഉറപ്പ്’

വന്യമൃഗ ആക്രമണത്തില്‍ മരിച്ച അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നല്‍കിയതിലൂടെ രാഹുല്‍ ഗാന്ധി എംപി നല്‍കിയ വാക്കും ഉറപ്പും പാലിക്കപ്പെട്ടുവെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി.സിദ്ധിഖ് എംഎല്‍എ. കരുതലും കൈത്താങ്ങും വേണ്ട എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുന്ന രാഹുൽ ഗാന്ധിയുടെ പ്രവര്‍ത്തനങ്ങള്‍ വയനാട്ടില്‍ സര്‍വതല സ്പര്‍ശിയായി തുടരുകയാണ്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കേണ്ട സഹായധനം ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒരുമിച്ച് തീരുമാനിച്ചിട്ടും, അതില്‍ ഒന്നു പോലും നടപ്പിലാക്കാതെ മുന്നോട്ടുപോകുന്ന സമയത്താണ് രാഹുൽ ഗാന്ധിയുടെ ഇടപെടല്‍ ഏറെ പ്രസക്തമാകുന്നത്. വന്യമൃഗ ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരവും ജോലിയും കടമേറ്റെടുക്കല്‍ ഉള്‍പ്പെടെ ഒരു നടപടിയും സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചിട്ടില്ലെന്നത് ഏറെ ഖേദകരമാണ്. ഇവിടെയാണ് കുടുംബങ്ങളെ ചേര്‍ത്തുനിര്‍ത്തുന്ന രാഹുൽ ഗാന്ധിയുടെ നടപടി ഉണ്ടായിട്ടുള്ളതെന്നും സിദ്ധിഖ് കൂട്ടിച്ചേര്‍ത്തു.

English Summary:

KPCC handed over compensation to Ajeesh family

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com