ADVERTISEMENT

തിരുവനന്തപുരം∙ കഴിഞ്ഞ 6–7 വർഷമായി തുടർച്ചയായി പ്രതിപക്ഷത്തിരിക്കുന്നതിന്റെ വിഷമം നിമിത്തമാണ് പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ഉൾപ്പെടെയുള്ളവർ എസ്എഫ്ഐയ്‌ക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നതെന്ന് പരിഹസിച്ച് സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ രംഗത്ത്. കേരള സർവകലാശാല യുവജനോത്സവത്തിൽ ഉയർന്ന കോഴക്കേസുമായി ബന്ധപ്പെട്ട് മാർഗംകളി അധ്യാപകൻ ആത്മഹത്യ ചെയ്തതിനു പിന്നിൽ എസ്എഫ്ഐ ആണെന്ന് ഇവർ ആരോപിക്കുന്നത് എന്ത് വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്ന് ആർഷോ ചോദിച്ചു. ക്രിക്കറ്റ് മത്സരങ്ങളുടെ സമയത്ത് കാണിക്കുന്ന സ്കോർ ബോർഡ് പോലെ, ഓരോ ദിവസവും കോൺഗ്രസ് വിട്ട് ബിജെപിയിലേക്കു പോകുന്ന നേതാക്കളുടെ എണ്ണം കാണിക്കാൻ മാധ്യമങ്ങൾ സ്ക്രീനിന്റെ ഒരറ്റത്ത് സ്കോർ ബോർഡ് വയ്ക്കുന്നത് നല്ലതായിരിക്കുമെന്നും ആർഷോ പരിഹസിച്ചു.

Read more at: ‘എസ്എഫ്ഐക്കാർ മർദ്ദിച്ചപ്പോൾ ജീവനൊടുക്കുമെന്ന് ഷാജി പറഞ്ഞു; നീ എന്തെങ്കിലും പോയി കാണിക്കെന്നായിരുന്നു മറുപടി’

‘‘‘എസ്എഫ്ഐ അവിടെയിട്ട് ആ അധ്യാപകനെ (ഷാജി) അടിച്ചു, ആക്രമിച്ചു, ക്രൂരമായ ആക്രമണം നേരിട്ടു എന്നൊക്കെ മാധ്യമവാർത്തകളുണ്ടാകുന്നു. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും അതുതന്നെ പറഞ്ഞുകൊണ്ടുമിരിക്കുകയാണ്. എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇതെല്ലാം പറയുന്നത്? ഒരു വിദ്യാർഥി സംഘടനയ്ക്കെതിരെ എന്തും പറയാമെന്നാണോ? തിരഞ്ഞെടുപ്പിനെ മുന്നിൽക്കണ്ടുള്ള പരിപാടിയാണ്. ഈ പറയുന്ന ആളുകൾക്ക് നല്ല മനോവിഷമമുണ്ടാകും. കഴിഞ്ഞ 6–7 വർഷമായിട്ട് ഇങ്ങനെ പ്രതിപക്ഷത്തു തുടരേണ്ടി വരുന്നതിന്റെ നീരസമുണ്ടാകും, വിഷമമുണ്ടാകും, പ്രയാസമുണ്ടാകും.

‘‘ക്രിക്കറ്റ് മത്സരങ്ങളൊക്കെ നടക്കുന്ന സമയത്ത് മിക്ക മാധ്യമങ്ങളുടെയും ഒരു അരികിൽ സ്കോർ ബോർഡ് കാണിക്കാറുണ്ട്. അത്തരത്തിൽ ഒരു സ്കോർ ബോർഡ് ഇവിടുത്തെ മാധ്യമങ്ങൾ അവരുടെ സ്ക്രീനിന്റെ മൂലയിൽ സ്ഥാപിക്കേണ്ട അവസ്ഥയിലാണ് ഇന്ന് കേരളത്തിലെയും ഇന്ത്യയിലെയും കോൺഗ്രസ്. ഓരോ ദിവസവും 1, 2, 3 എന്നിങ്ങനെ ആളുകൾ ബിജെപിയിലേക്ക് പോയ്ക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെ സ്കോർ ബോർഡ് വച്ച് എണ്ണമെടുക്കേണ്ട സാഹചര്യത്തിലേക്കാണ് കോൺഗ്രസിന്റെ പോക്ക്.

‘‘ഈ സാഹചര്യത്തിൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം വലിയ നേട്ടമുണ്ടാക്കുമെന്നുള്ള പൊതുവായുള്ള ഒരു ചിത്രം നിലനിൽക്കുമ്പോൾ, ഏതു വിധേനയും കള്ളപ്രചാരണം നടത്തിയും അസത്യം പറഞ്ഞും‌ ഈ നാട്ടിൽ നടക്കുന്ന മരണങ്ങളേപ്പോലും രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഉപയോഗിക്കുന്ന നിലയിലേക്ക് കേരളത്തിലെ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ഉൾപ്പെടെയുള്ളവർ മാറുന്നത് ഖേദകരമാണ്. ഈ രീതിയിലുള്ള പ്രവൃത്തികൾക്ക് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം ഇവർക്കു മാപ്പു നൽകില്ലെന്നു മാത്രം സൂചിപ്പിക്കുന്നു.

‘‘കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും പറയുന്ന കള്ളത്തരങ്ങൾ ആവർത്തിക്കുന്ന കോളാമ്പിയായി കെഎസ്‌‌യു സംസ്ഥാന അധ്യക്ഷൻ മാറുന്ന കാഴ്ച ഖേദകരമാണ്. നിങ്ങൾക്ക് എസ്എഫ്ഐയുമായി ബന്ധപ്പെട്ട് വിമർശനങ്ങളുണ്ടെങ്കിൽ അതിനെ ഞങ്ങൾ സ്വാഗതം ചെയ്യും. തിരുത്തേണ്ട കാര്യങ്ങളുണ്ടെങ്കിൽ തിരുത്തും. അതിലൊന്നും ഞങ്ങൾക്ക് കുഴപ്പമില്ല. പക്ഷേ, തെറ്റായ പ്രചാരണം നടത്തി ഈ വിദ്യാർഥി സംഘടനയെ പൊതുസമൂഹത്തിനു മുന്നിൽ അപകീർത്തിപ്പെടുത്തുന്ന നിലയുണ്ടാകരുത്.’’ – ആർഷോ പറഞ്ഞു.

English Summary:

P.M. Arsho Slams Opposition's 'False Propaganda' Against SFI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com