സഹായം ചോദിച്ചെത്തിയ 17കാരിയോട് മോശമായി പെരുമാറി; യെഡിയൂരപ്പയ്ക്കെതിരെ പോക്സോ കേസ്
Mail This Article
ബെംഗളൂരു∙ കർണാടക മുൻമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ്. യെഡിയൂരപ്പയ്ക്കെതിരെ പോക്സോ കേസ്. ബെംഗളൂരു സദാശിവനഗർ പൊലീസാണ് കേസെടുത്തത്.അമ്മയ്ക്കൊപ്പം സഹായം ചോദിച്ചു വന്ന 17കാരിയോട് മോശമായി പെരുമാറിയതായാണ് കേസ്. ഫെബ്രുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവമെന്നും പൊലീസ് അറിയിച്ചു.
Read Also: ഓൺലൈൻ തട്ടിപ്പിൽ നഷ്ടമായ പണം തിരികെ പിടിക്കാൻ അതേ രീതിയിൽ തട്ടിപ്പ്; യുവാവ് അറസ്റ്റില്‍
സഹായം തേടി എത്തിയ പെൺകുട്ടിയെ യെഡിയൂരപ്പ മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി എന്നാണ് എഫ്ഐആറിൽ പറയുന്നത്. ഇവിടെ നിന്ന് ഓടിരക്ഷപ്പെട്ട പെൺകുട്ടി അമ്മയോട് പീഡന വിവരം പറയുകയായിരുന്നു. ബി.എസ്. യെഡിയൂരപ്പയ്ക്കെതിരായ പീഡന പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു. സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമായാൽ മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുപറയാൻ സാധിക്കൂ. പരാതിക്കു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുള്ളതായി കരുതുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം പരാതിക്കാരിയുടെ ആരോപണം യെഡിയൂരപ്പയുടെ ഓഫിസ് തള്ളി. പരാതിക്കാരി മുൻപും പലവിധത്തിലുള്ള 53 പരാതികൾ നൽകിയിട്ടുണ്ടെന്നും പരാതി വ്യാജമാണെന്നും യെഡിയൂരപ്പയുടെ ഓഫിസ് വിശദീകരിച്ചു.