ADVERTISEMENT

ന്യൂഡല്‍ഹി∙ ലോകത്തിലെ ഏറ്റവും വലിയ പിടിച്ചുപറി റാക്കറ്റാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് കടപ്പത്രമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മഹാരാഷ്ട്രയിലെ താനെയില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് രാഹുല്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

Read also: ‘സ്വാമിയേ ശരണമയ്യപ്പാ...’ ‘ഇത്തവണ നാനൂറിൽ അധികം..’: പത്തനംതിട്ടയിൽ മലയാളത്തിൽ ആവശ്യപ്പെട്ട് മോദി

തിരഞ്ഞെടുപ്പ് കടപ്പത്രം വഴി സമാഹരിച്ച തുക എതിർ പക്ഷത്തുള്ള രാഷ്ട്രീയ പാര്‍ട്ടികളെ പിളര്‍ത്താനും പ്രതിപക്ഷ സര്‍ക്കരുകളെ അട്ടിമറിക്കാനുമാണ് ബിജെപി ഉപയോഗിച്ചതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നൽകിയ കരാറുകളും തിരഞ്ഞെടുപ്പ് കടപ്പത്രവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും രാഹുല്‍ പറഞ്ഞു. 

‘‘ഇന്ത്യന്‍ രാഷ്ട്രീയരംഗത്തെ ഫണ്ടിങ് ശുദ്ധീകരിക്കാനെത്തു പറഞ്ഞാണ് കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രധാനമന്ത്രി കടപ്പത്രം അവതരിപ്പിച്ചത്. ഇപ്പോള്‍ അത് ഇന്ത്യയിലെ വമ്പന്മാരായ കോര്‍പ്പറേറ്റുകളില്‍നിന്നു കോടികള്‍ പിടിച്ചുപറിക്കാനുള്ള ഉപാധിയായി മാറിയിരിക്കുകയാണ്. കോര്‍പ്പറേറ്റുകളെ സമ്മര്‍ദത്തിലാക്കി, വന്‍കിട കരാറുകളില്‍നിന്നു പണം തട്ടാനും ബിജെപിക്ക് പണം സംഭാവന നല്‍കാന്‍ അവരെ നിര്‍ബന്ധിക്കാനുമുള്ള സംവിധാനമാണിത്’’ - രാഹുല്‍ പറഞ്ഞു.

‘‘കരാറുകള്‍ നല്‍കി മാസങ്ങള്‍ക്കുള്ളില്‍ കമ്പനികള്‍ ബിജെപിക്കായി തിരഞ്ഞെടുപ്പ് കടപ്പത്രം വഴി സംഭാവന നല്‍കിയിരിക്കുകയാണ്. ചില കമ്പനികള്‍ ഇതുവരെ ബിജെപിക്ക് പണം നല്‍കിയിട്ടുണ്ടായിരുന്നില്ല. എന്നാല്‍ സിബിഐയും ഇ.ഡിയും കേസ് ഫയല്‍ ചെയ്തതിനു പിന്നാലെ അവരും പണം നല്‍കി. ദേശീയ ഏജന്‍സികളെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ബിജെപി സര്‍ക്കാര്‍ ഉപയോഗിക്കുകയായിരുന്നു.

‘‘ശിവസേനയേയും എന്‍സിപിയേയും പിളര്‍ത്താനുള്ള പണം ഇത്തരത്തിലാണ് ബിജെപി സമാഹരിച്ചത്. ഇതിലും കൂടുതല്‍ ദേശവിരുദ്ധമായ മറ്റൊരു പ്രവൃത്തിയില്ല. ഇ.ഡിയും സിബിഐയും ബിജെപി, ആര്‍എസ്എസ് സ്ഥാപനങ്ങളായി മാറി. ഒരിക്കല്‍ ബിജെപി അധികാരത്തില്‍നിന്നു പുറത്താകും. അപ്പോള്‍ ഇവരെല്ലാം ശിക്ഷിക്കപ്പെടും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നത് എന്റെ ഗ്യാരന്റിയാണ്.’’ - രാഹുല്‍ പറഞ്ഞു.

പാര്‍ട്ടി തീരുമാനിച്ചാല്‍ ഇത്തവണയും ഉത്തർപ്രദേശിലെ അമേഠിയില്‍ മല്‍സരിക്കുമെന്നും രാഹുല്‍ പറഞ്ഞു. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും രാഹുല്‍ പറഞ്ഞു.

English Summary:

Rahul Gandhi Decries Election Bonds as Tool for Political Coercion by BJP Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com