ADVERTISEMENT

തിരുവനന്തപുരം∙ കാപ്പ കേസിലെ പ്രതിയെ പിടികൂടാന്‍ എത്തിയ പൊലീസ് സംഘം പ്രതിയുടെ വീടിന്റെ വാതിൽ തുറന്നപ്പോൾ കുതിച്ചെത്തിയത് അക്രമകാരികളായ രണ്ടു വിദേശ ഇനത്തിലെ നായകൾ. കൈയിൽ ഗുരുതരമായി മുറിവേറ്റിട്ടും നായയുടെ വായ കൈ കൊണ്ട് അകത്തി മാറ്റി തൂക്കി എറിഞ്ഞതുകൊണ്ടുമാത്രം പൊലീസ് സംഘം രക്ഷപ്പെട്ടു. മലയിൻകീഴ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. നായകൾ ആക്രമിച്ചത് റൂറൽ ഡാൻസാഫ് സംഘത്തെ. പ്രതിസന്ധികളില്‍ തളരാതെ കൃത്യ നിര്‍വഹണം നടത്തിയതിന് തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി കിരണ്‍ നാരയണന്‍ ഐപിഎസ് പൊലീസ് സംഘത്തിന് പ്രശംസാ പത്രവും മൊമന്റോയും നല്‍കി ആദരിച്ചു.

Read also: രാത്രിയിൽ 3 പുരുഷന്മാർ മുറിയിൽ; അത്താഴം ഓർഡർ ചെയ്യാത്തത് അന്വേഷിച്ചപ്പോൾ കണ്ടത് അരുംകൊല

വിളപ്പിൽശാല പൊലീസ് കാപ്പ ചുമത്തിയ വിളപ്പിൽശാല വിട്ടിയം സ്വദേശി അമൽ ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് ഇയാളുടെ കൂട്ടുപ്രതി വിവേകിന്റെ പേയാട് പള്ളിമുക്കിലെ വീട്ടിൽ റൂറല്‍ ഡാൻസാഫ് സംഘം എത്തിയത്. അമൽ നേരത്തെ വീട്ടിൽനിന്നും കടന്നുകള‍ഞ്ഞു. വീട്ടിൽ ഉണ്ടായിരുന്ന വിവേകിനെ പിടികൂടാനുള്ള ശ്രമത്തിനിടയിലാണ് ഇയാൾ രണ്ടു വളർത്തു നായ്ക്കളെ അഴിച്ചു വിട്ടത്. നായകൾ പൊലീസിനെ ആക്രമിക്കുന്നതിനിടെ വിവേക് ഓടി രക്ഷപ്പെട്ടു.

തുടയിലും, കൈയിലും കടി ഏറ്റിട്ടും റോട്ട് വീലര്‍ നായയുടെ വായ പൊലീസുകാരനായ നെവില്‍ രാജ് ബലമായി പിടിച്ചു തുറന്നു. പൊലീസുകാരായ വിജേഷും അഭിലാഷും നായയെ കൈയിലും കാലിലും തൂക്കി എറിഞ്ഞു. പെടസ്ട്രിയല്‍ ഫാന്‍ ഉപയോഗിച്ച് അമേരിക്കന്‍ പിറ്റ് ബുള്ളിനെ സുനിലാല്‍ നേരിട്ടു. പരുക്കേറ്റ പൊലീസുകാരെ പിന്നീട് ജനറല്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പിറ്റ് ബുൾ ടെറിയർ, അമേരിക്കൻ ബുൾഡോഗ്, റോട്ട് വീലർ എന്നീ 23 ഇനം നായകളുടെ ഇറക്കുമതിയും വിൽപനയും നിരോധിക്കാൻ കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. ഈ വിഭാഗത്തിൽപ്പെട്ട നായകൾക്ക് ലൈസൻസ് തദ്ദേശസ്ഥാപനങ്ങൾ നൽകരുതെന്നും നിർദേശിച്ചിട്ടുണ്ട്. ഗ്രേഡ് എസ്ഐ സുനിലാല്‍, സീനിയർ സിവിൽ പൊലീസ് ഓഫിസർ നെവിൽ രാജ്, സിവിൽ പൊലീസ് ഓഫിസർ വിജേഷ്, സിവിൽ പൊലീസ് ഓഫിസർ അഭിലാഷ്, സിവിൽ പൊലീസ് ഓഫിസർ ശ്രീനാഥ് എന്നിവരെയാണ് ആദരിച്ചത്. 

English Summary:

Rottweiler rushed towards the police who came to arrest suspect

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com